മാൾട്ടാ വാർത്തകൾ

വൈദ്യുതി വിതരണം ആരോഗ്യ അടിസ്ഥാന സൗകര്യമായി പരിഗണിക്കണം : MAPHM

2026-ലെ വേനൽക്കാലത്ത് അനുഭവപ്പെട്ട അതിരൂക്ഷമായ ഉഷ്ണതരംഗത്തെയും വ്യാപകമായ വൈദ്യുതി തടസ്സങ്ങളെയും തുടർന്ന്, വൈദ്യുതി വിതരണം ആരോഗ്യ അടിസ്ഥാന സൗകര്യമായി പരിഗണിക്കണമെന്ന് മൾട്ട അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് മെഡിസിൻ (MAPHM) ആവശ്യപ്പെട്ടു.

ശക്തമായ ആരോഗ്യ സംവിധാനത്തിന് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഒരു മുൻപാധിയാണെന്ന് വ്യക്തമാക്കിയ MAPHM, വൈദ്യുതി എന്നത് വെറുമൊരു വീട്ടുപകരണ ഉപഭോഗമോ സാമ്പത്തിക ആവശ്യകതയോ മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടി.

അടിയന്തര ചികിത്സകൾ, ആശയവിനിമയം, ലബോറട്ടറി പരിശോധനകൾ, മരുന്നുകളുടെയും രക്തത്തിന്റെയും സുരക്ഷിതമായ സംഭരണം, കൂളിംഗ് സംവിധാനങ്ങൾ, കുടിവെള്ള വിതരണം എന്നിവയ്ക്ക് തടസ്സമില്ലാത്ത വൈദ്യുതി അത്യന്താപേക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും (WHO) വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ മൾട്ടയിൽ താപനില 43.3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതും, ഇതോടൊപ്പം മണിക്കൂറുകളോളം നീണ്ടുനിന്ന വൈദ്യുതി മുടക്കവും ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾ കേടാകുന്നതിനും ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകൾ നശിക്കുന്നതിനും ഇത് കാരണമായി.

ആരോഗ്യ രംഗത്തെ അസമത്വം

സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും, കുറഞ്ഞ വരുമാനക്കാർ, തനിച്ചു താമസിക്കുന്ന മുതിർന്ന പൗരന്മാർ, നിത്യരോഗികൾ എന്നിവരെയാണ് ഇത്തരം വൈദ്യുതി തടസ്സങ്ങൾ കൂടുതൽ ബാധിക്കുന്നത്. അതിനാൽ ഊർജ്ജ സുരക്ഷ എന്നത് ആരോഗ്യ രംഗത്തെ നീതിനിഷ്ഠതയുമായി (Health Equity) നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംഘടന വ്യക്തമാക്കി.

യൂറോസ്റ്റാറ്റിന്റെ (Eurostat) 2024-ലെ കണക്കുകൾ പ്രകാരം, മൾട്ട തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി 98 ശതമാനവും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ തന്നെ ഏറ്റവും കൂടുതൽ ഊർജ്ജ ഇറക്കുമതി നടത്തുന്ന രാജ്യമാണ് മൾട്ട.

സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നാല് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് MAPHM :-

1) പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളും ബാറ്ററി സംഭരണ സംവിധാനങ്ങളും ഉൾപ്പെടുത്തി ഊർജ്ജ മേഖല                വൈവിധ്യവത്കരിക്കുക.

2) എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും തടസ്സമില്ലാത്ത ബദൽ വൈദ്യുതി സംവിധാനങ്ങൾ (Backup Power)                             നിർബന്ധമാക്കുക.

3) ഊർജ്ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ഒരു ദേശീയ നയം      രൂപീകരിക്കുക.

4) 2026 വേനൽക്കാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുകയും 2027 വേനലിന്        മുൻപായി വ്യക്തമായ കർമ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യുക.

പ്രതിസന്ധി ഘട്ടത്തിൽ അഹോരാത്രം പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച സംഘടന, എന്നാൽ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കാതെ ഇത്തരം വെല്ലുവിളികളെ ശാശ്വതമായി നേരിടാനാകില്ലെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button