കേരളംചരമം

നടന്‍ മാമുക്കോയ അന്തരിച്ചു


നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നടന്‍ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം.

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കേരള സര്‍ക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു. 1979ല്‍ നിലമ്ബൂര്‍ ബാലന്‍ സംവിധാനം ചെയ്ത “അന്യരുടെ ഭൂമി” എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. തന്റെ തനതായ കോഴിക്കോടന്‍ മാപ്പിള സംഭാഷണശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാര്‍ജ്ജിച്ച മാമുക്കോയ ഹാസ്യനടന്‍ എന്ന നിലയില്‍ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുള്‍പ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് `കുരുതി’ എന്ന സിനിമയിലെ മൂസ ഖാദര്‍ എന്ന കഥാപാത്രം. കെട്ടിയ വേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള പ്രതിഭയാണ് മാമുക്കോയ അഭിനയലോകത്ത് വേറിട്ട വ്യക്തിത്വമാക്കുന്നത്.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്ബിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയില്‍ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയില്‍ മരമളക്കുന്ന ജോലിയില്‍ പ്രവേശിച്ചു.നാടകാഭിനയത്തില്‍ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ സമര്‍ത്ഥനായിരുന്നു. നിലമ്ബൂര്‍ ബാലന്‍, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.

ഭാര്യ: സുഹ്റ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button