പ്രമുഖ യുഎസ് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി 2,500 ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിങ്ടൺ ഡിസി : പ്രമുഖ യുഎസ് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി (Morgan Stanley) തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ ആഗോള തൊഴിൽശക്തിയുടെ മൂന്ന് ശതമാനത്തോളം വരുന്ന 2,500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. നിക്ഷേപ ബാങ്കിംഗ്, ട്രേഡിംഗ്, വെൽത്ത് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. എന്നാൽ കമ്പനിയുടെ നട്ടെല്ലായ സാമ്പത്തിക ഉപദേഷ്ടാക്കളെ ഈ വെട്ടിക്കുറയ്ക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും തന്ത്രപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളും വിഭവങ്ങളുടെ പുനഃക്രമീകരണവുമാണ് ഈ പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിസിനസ് ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം, ചില മേഖലകളിൽ ജീവനക്കാരെ കുറയ്ക്കുകയും അതേസമയം തന്നെ ആവശ്യമായ മറ്റ് വിഭാഗങ്ങളിൽ നിയമനം തുടരാനുമാണ് കമ്പനിയുടെ തീരുമാനം. ഏതെല്ലാം രാജ്യങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിക്കുക എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
നിര്‍മ്മിതബുദ്ധിയുടെ (AI) വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമായി ബന്ധപ്പെട്ട് അടുത്തിടെയായി സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചത്. എ.ഐ യുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനമായ ജാക്ക് ഡോർസിയുടെ ബ്ലോക്ക് (Block) കഴിഞ്ഞ ആഴ്ച 10,000 അംഗങ്ങളുള്ള ജീവനക്കാരിൽ നിന്ന് 4,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എ.ഐ അധിഷ്ഠിത പരിഷ്കരണങ്ങളുടെ ഭാഗമായി ഏകദേശം 16,000 കോർപ്പറേറ്റ് ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്.
കസ്റ്റമർ സപ്പോർട്ട്, പ്രോഗ്രാമിംഗ്, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിലാണ് എ.ഐ നിലവിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തുന്നത്. വരും വർഷങ്ങളിൽ ബാങ്കിംഗ്, ഐ.ടി മേഖലകളിൽ എഐയുടെ സ്വാധീനം മൂലം തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ തുടരാൻ സാധ്യതയുണ്ടെന്ന് ഗോൾഡ്മാൻ സാക്സ് (Goldman Sachs) പോലുള്ള സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
എ.ഐയുടെ സ്വാധീനം കൂടാതെ ബിസിനസ് മുൻഗണനകളിലെ മാറ്റം, പുതിയ ഗ്ലോബൽ ലൊക്കേഷൻ തന്ത്രങ്ങള്‍ അടക്കമുളള കാരണങ്ങള്‍ കൂടി മോർഗൻ സ്റ്റാൻലിയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞ വർഷവും 2,000 ഓളം ജീവനക്കാരെ കമ്പനി ഒഴിവാക്കിയിരുന്നു. 2025 ൽ 70.6 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഈ പുതിയ തീരുമാനമെടുത്തത്.
2025-ൽ റെക്കോർഡ് വരുമാനം നേടിയ ശേഷമാണ് മോർഗൻ സ്റ്റാൻലി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. നിക്ഷേപ ബാങ്കിംഗ് വരുമാനത്തിൽ 47 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയ ബാങ്ക്, വരും വർഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പങ്കുവെച്ചിരുന്നത്. ആഗോള വിപണിയിലെ അസ്ഥിരതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന മാറ്റങ്ങളും ബിസിനസ് മേഖലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ സാധ്യതകൾ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടിയായാണ് ഈ തൊഴിൽ വെട്ടിക്കുറയ്ക്കലിനെ സാമ്പത്തിക വിദഗ്ധർ കാണുന്നത്.



