ഹമാസിന്റെ സൈനിക മേധാവിയെ വധിച്ച് ഇസ്രയേൽ

ടെൽ അവീവ് : ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരേ നടന്ന ആക്രമണത്തിൽ പങ്കുള്ള ഹമാസിന്റെ അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാൾകൂടിയാണ് ഇസ്സ അൽ ദിൻ ഹദ്ദാദെന്നും ഐഡിഎഫ് പറഞ്ഞു.
മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ സൈനിക വിഭാഗം മേധാവിയായത്. ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ നിരന്തരം ആക്രമണം നടത്താനും ഹദ്ദാദ് നേതൃത്വം നൽകി. ഇസ്രയേലിലെ സാധാരണക്കാർക്കെതിരേയും സൈനികർക്കെതിരേയും ഒട്ടേറെ ആക്രമണങ്ങളാണ് ഹദ്ദാദ് ആസൂത്രണംചെയ്തിരുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലികളെ ബന്ദികളാക്കിയ സ്ഥലം പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദായിരുന്നു. ബന്ദികളെ ഉപയോഗിച്ച് മനുഷ്യകവചം തീർത്താണ് ഇയാൾ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടിരുന്നതും ഐഡിഎഫ് കൂട്ടിച്ചേർത്തു. ഹദ്ദാദിന് പുറമേ ഹമാസ് നേതാക്കളായ രണ്ടുപേർ കൂടി മറ്റുവ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു.
ഹമാസിനുവേണ്ടി ഏറ്റവും കൂടുതൽകാലം പ്രവർത്തിച്ച കമാൻഡർമാരിൽ ഒരാളാണ് കൊല്ലപ്പെട്ട ഹദ്ദാദ്. 1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ് ഹമാസിന്റെ ഉന്നതനേതൃത്വവുമായി എല്ലാക്കാലത്തും അടുത്തബന്ധം പുലർത്തിയിരുന്നു. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡർ പദവി ഉൾപ്പെടെ ഹമാസിന്റെ വിവിധ പദവികളും വഹിച്ചു. ഹമാസിന്റെ ഉന്നതാധികാര സമിതിയായ ഹമാസ് മിലിട്ടറി കൗൺസിലിലും അംഗമായിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരേ നടന്ന ഹമാസ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാൾ കൂടിയായിരുന്നു ഹദ്ദാദ്.



