അന്തർദേശീയം

സുരക്ഷാ പ്രതിസന്ധി : ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിക്കാനാകാതെ ഇറാൻ

ടെഹ്‌റാൻ : യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും കനത്ത പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇറാൻ ഇതുവരെ ശവസംസ്‌കാരം നടത്താതിരിക്കുന്നത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.

ഇസ്രയേലിൽനിന്നുള്ള ആക്രമണങ്ങളിൽനിന്ന് സുരക്ഷിതമായ മഷ്ഹദ് നഗരത്തെയാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി നിലവിൽ അധികൃതർ പരിഗണിക്കുന്നത്. ഖമനേയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്. ഇസ്രയേലിൽനിന്ന് അകലെയുള്ള സ്ഥലമാണെന്നതും തുർക്ക്‌മെനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ളതാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കനത്ത സുരക്ഷ നേതാവിന്റെ ശവകുടീരത്തിന് സംരക്ഷണം നൽകാൻ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.

1989-ൽ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള റുഹോള ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇറാനിൽ അത്തരമൊരു ഒത്തുചേരൽ വലിയ സുരക്ഷാ വെല്ലുവിളിയാകുമെന്ന് അധികൃതർ ഭയപ്പെടുന്നു.

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. തന്റെ പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ 56-കാരനായ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മുഖത്തും കാലുകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button