അന്തർദേശീയം

ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്, വ്യോമമേഖല അടച്ച് ഇസ്രയേലും ജോർദാനും ഇറാഖും

ടെഹ്റാൻ : ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ഇസ്രായേലിലെ നഗരങ്ങളിൽ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും ​അമേരിക്കയും ജോർദാനും ചേർന്ന് തകർത്തു. 185 ഡ്രോണുകൾ, 36 ക്രൂയിസ് മിസൈലുകൾ, 110 ഭൂതല മിസൈലുകൾ എന്നിവയാണ് ഇറാൻ ഉപയോഗിച്ചത്. ഇതിൽ പലതും ഇസ്രായേലിൽ നാശനഷ്ടമുണ്ടാക്കിയതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലിൽ പരി​ഭ്രാന്തി മൂലമുള്ള തിക്കിലും തിരക്കിലും പെട്ട് 31 പേർക്ക് പരിക്കേറ്റു. സ്കൂളുകൾ രണ്ട് ദിവസത്തേക്ക് അടച്ചു. നൂറിലേറെ പേർ കൂട്ടംചേരുന്നതിന് വിലക്കും ഏർപ്പെടുത്തി.

ഇസ്രായേലി പാർലമെന്റിന് സമീപം മിസൈലുകൾ വരുന്നതും അതിനെ സൈന്യം നിർവീര്യമാക്കുന്നതിന്റെയെല്ലാം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇറാന്റെ ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിലെ നേഗേവ് എയർബേസിൽ പതിച്ചതിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടു.

ഇസ്രായേലിലെ നഫാത്തിം വ്യോമകേന്ദ്രവും ആക്രമണ ലക്ഷ്യത്തിൽ ഉൾപ്പെട്ടതായി ഇറാൻ വർത്താ ഏജൻസി അറിയിച്ചു. ഇറാൻ അയച്ച ബാലിസ്റ്റിക് മിസൈലുകളിൽ അധികവും ഇസ്രായേൽ വ്യോമ പരിധിക്ക് പുറത്ത് നിർവീര്യമാക്കിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ്. ഈ വിഷയം തങ്ങൾ അവസാനിപ്പിച്ചതായും ഇറാൻ വ്യക്തമാക്കി.

സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം, സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button