ഒരു വർഷത്തെ ചെലവ് 150 രൂപമാത്രം, പാസ്പോർട്ട് പരിപാലന ചെലവ് ഏറ്റവും കുറവ് ഇന്ത്യയിൽ
പാസ്പോർട്ടിനായി ലോകത്ത് ഏറ്റവും കുറച്ച് തുക കൈപ്പറ്റുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് പഠനം. വാർഷിക സാധുതയുടെയും പാസ്പോർട്ട് കാലാവധിയുടെയും കണക്കുകൾ താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയൻ സ്ഥാപനമായ കംപെയർ ദ മാർക്കറ്റ് എ.യു നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. നിയമ സാധുതയുള്ള ഓരോ വർഷവും ഇന്ത്യൻ പാസ്പോർട്ടിനായി ഉടമക്ക് ചെലവഴിക്കേണ്ടി വരുന്നത് 1.81 ഡോളർ (150 രൂപ) മാത്രമാണ്. ദക്ഷിണാഫ്രിക്കയും ($3.05, 254 രൂപ), കെനിയയും ($3.09, 257 രൂപ) ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യ കഴിഞ്ഞാൽ പാസ്പോർട്ട് പരിപാലന ചെലവിനായി പൗരനിൽ നിന്നും ഏറ്റവും കുറച്ച് പണം കൈപ്പറ്റുന്ന രാജ്യങ്ങൾ.
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ പാസ്‌പോർട്ടും ഇന്ത്യയുടേതാണ് . ലോകത്തെ വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ടിൻ്റെ വില താരതമ്യം ചെയ്ത കണക്കിൽ യുഎഇ പാസ്‌പോർട്ടിനാണ് ഒന്നാം സ്ഥാനം. 10 വർഷത്തെ സാധുതയുള്ള ഒരു ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ വില $18.07 (1,505 രൂപ) ആണ്. അതേസമയം 5 വർഷത്തെ പാസ്‌പോർട്ടിന് യുഎഇ ഈടാക്കുന്നത് $17.70 (1,474 രൂപ) ആണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 62 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ പാസ്‌പോർട്ടായാലും വിസ രഹിത ആക്‌സസ് ആയാലും എല്ലാ കാര്യങ്ങളിലും യുഎഇ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്താണ്.