യുഎസിൽ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും ക്രൂരമായി ആക്രമിച്ച സംഭവം; ഇന്ത്യൻ വംശജനായ യുവാവ് പിടിയിൽ

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ടെക്സസിൽ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിലായി. സാൻ അൻ്റോണിയോയിൽ താമസിക്കുന്ന അഥർവ വ്യാസ് (24) ആണ് പൊലീസിൻ്റെ പിടിയിലായത്. ഇയാൾക്കെതിരെ യുഎസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) കർശന നടപടി ആരംഭിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയാലുടൻ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 18-നാണ് സംഭവം. പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും യാതൊരു പ്രകോപനവുമില്ലാതെ അഥർവ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനിടയിൽ യുവതിയുടെ കൈയ്യിൽ നിന്നും താഴെ വീണ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ രണ്ട് പല്ലുകൾ തകർന്നു.
നിലവിളി കേട്ടെത്തിയ മറ്റ് നാട്ടുകാരാണ് അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്. പരിക്കേറ്റ കുഞ്ഞിൻ്റെ ചികിത്സാ ചെലവിനായി യുവതി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ ‘ഗോ ഫണ്ട് മീ’ വഴി സഹായം തേടിയിരിക്കുകയാണ്. പിടിയിലായ അഥർവ വ്യാസിന് നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഈ കാരണത്താൽ 2025-ൽ ഇയാളുടെ സ്റ്റുഡന്റ് വിസ അധികൃതർ റദ്ദാക്കിയിരുന്നു. എന്നാൽ വിസ റദ്ദാക്കിയിട്ടും രാജ്യം വിടാൻ തയ്യാറാകാതെ ഇയാൾ യുഎസിൽ അനധികൃതമായി തങ്ങുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ നിലവിൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.



