അന്തർദേശീയം

കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ; ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായി വിലപേശും; വിലക്കയറ്റം കുറയും


ന്യൂദല്‍ഹി: കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ. ഇതു പല തരത്തില്‍ ഗുണം ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍.
രാജ്യത്തെ നാണയപ്പെരുപ്പം കുറയ്ക്കാനും സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി എണ്ണ വില സംബന്ധിച്ചു വിലപേശാനും ഗള്‍ഫ് എണ്ണയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇത് ഇന്ത്യയെ സഹായിക്കും. കുറഞ്ഞ വിലയ്ക്കു പെട്രോളും ഡീസലും ലഭിക്കുന്നതോടെ വിലക്കയറ്റം കുറയും.

2021-22ല്‍ ഇന്ത്യ 119 ബില്യന്‍ ഡോളറിന്റെ (212.2 ദശലക്ഷം ടണ്‍) എണ്ണയാണ് ഇറക്കുമതി ചെയ്തത്, മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയോളം തുക. 2020-21ല്‍ 62.2 ബില്യന്‍ ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഉക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നു. 2014നു ശേഷം ആദ്യമായിട്ടാണ് വില ഇത്രയും ഉയര്‍ന്നത്.

വില ഉയരുകയും യൂറോപ്യന്‍ യൂണിയനും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്തത്. ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ എണ്ണ വാങ്ങിത്തുടങ്ങി. 2021ല്‍ മൊത്തം ഇറക്കുമതി ചെയ്ത എണ്ണയുടെ രണ്ടു ശതമാനം മാത്രമാണ് (120 ലക്ഷം ബാരല്‍) റഷ്യയില്‍ നിന്നു വാങ്ങിയത്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനം ഇതിനെക്കാള്‍ കൂടുതലാണ്. കുറഞ്ഞ വിലയ്ക്കു റഷ്യ നല്കാമെന്നു സമ്മതിച്ചതോടെ ഇന്ത്യ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി. ഏപ്രിലില്‍ പ്രതിദിനം 2,84,000 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് എത്തിയിരുന്നത്. മെയില്‍ ഇത് പ്രതിദിനം 7,40,000 ബാരലായി കൂട്ടി. ബാരലൊന്നിന് 35 ഡോളര്‍ കുറച്ചാണ് ഇന്ത്യയ്ക്കു റഷ്യ നല്കുന്നത്. കൂടുതല്‍ എണ്ണ കുറഞ്ഞ വിലയ്ക്കു റഷ്യയില്‍ നിന്നു വാങ്ങിയാല്‍ എണ്ണ വിലയും വിലക്കയറ്റവും കുറയും.

കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്നു ലഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി വില പേശാന്‍ ഇന്ത്യയ്ക്കു സാധിക്കും. മാത്രമല്ല, റഷ്യയില്‍ നിന്നു കൂടുതല്‍ വാങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതു കുറയ്ക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button