അന്തർദേശീയം

ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്; 2021 ൽ മാത്രം 1.63 ലക്ഷത്തിലധികം പേർ


ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. 2021-ൽ 1.63 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകൾ. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരായ നിരവധി പേര്‍ സ്ഥിര താമസമാക്കാന്‍ യു.എസ് തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ യു.എസ് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020 ല്‍ 30,828 ല്‍ നിന്ന് 2021 ല്‍ 78,284 ആയി വര്‍ധിച്ചതായും രേഖയില്‍ പറയുന്നു.

2021ൽ 1,63,370 ഇന്ത്യക്കാരാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചത്. 2019, 2020 വർഷങ്ങളിൽ ഇത് 144017, 85256 എന്നിങ്ങനെയാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ലോക്സഭയില്‍
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 2019 മുതല്‍ രാജ്യത്ത് പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നിവയായിരുന്നു ഫസ്ലുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായിരുന്നു മന്ത്രാലയം ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button