മൃഗശാലയിൽ നിന്നും ചാടി തലസ്ഥാനത്തെ വട്ടം കറക്കിയ ഹനുമാൻ കുരങ്ങ് അമ്മയായി
മൃഗശാലയിൽ നിന്നും ചാടി 24 ദിവസത്തോളം തിരുവനന്തപുരം നഗരത്തെ വട്ടം കറക്കിയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കുരങ്ങാണ് അമ്മയായത്. പിടികൂടിയ ശേഷം ഈ കുരങ്ങിനെ ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
തിരുപ്പതിയിൽ നിന്നാണ് ഈ ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂൺ മാസമാണ് മൃഗശാല ജീവനക്കാരെ കബളിപ്പിച്ച് ഇതിലൊരു കുരങ്ങ് ചാടിപ്പോയത്. ഒരു കൂട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങ് ചാടിപ്പോയത്. നഗരം മുഴുവൻ കറങ്ങിനടന്ന കുരങ്ങ് ഇരുപത്തിനാലാം ദിവസം പിടിയിലായി. പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന് കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്. മൊത്തം മൂന്ന് തവണയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയിട്ടുള്ളത്.