യൂറോപ്യൻ യൂണിയൻ വാർത്തകൾ

‘ഞങ്ങള്‍ പരീക്ഷണവസ്തുക്കളല്ല’; യുഎസ് പ്രതിനിധി സംഘത്തിനൊപ്പമുള്ള ഡോക്ടറുടെ വരവിനെതിരെ ഗ്രീന്‍ലാന്‍ഡ്

നൂക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി ജെഫ് ലാന്‍ഡ്രിക്കൊപ്പം ഒരു അമേരിക്കന്‍ ഡോക്ടര്‍ നൂകില്‍ സന്ദര്‍ശനത്തിനെത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഗ്രീന്‍ലാന്റ് സര്‍ക്കാര്‍. ഗ്രീന്‍ലാന്‍ഡുകാര്‍ പരീക്ഷണവസ്തുക്കളല്ലെന്ന് രാജ്യത്തിന്റെ ആരോഗ്യമന്ത്രി അന്ന വാങ്കന്‍ഹൈം വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ പല തവണമയായി ട്രംപ് ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് യുഎസ് ഡോക്ടറുടെ സന്ദര്‍ശനം. ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ വിലയിരുത്താന്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായാണ് പ്രതിനിധി സംഘത്തോടൊപ്പം ചേര്‍ന്നതെന്ന് ഡോക്ടര്‍ ജോസഫ് ഗ്രിഫിന്‍ വ്യക്തമാക്കിയിരിക്കുകകയാണ്. എന്നാല്‍ ഡോക്ടറുടെ സാന്നിധ്യത്തെ ഗ്രീന്‍ലാന്‍ഡിന്റെ ആരോഗ്യ മന്ത്രി അന്ന വാങ്കന്‍ഹൈം അപലപിക്കുകയും വളരെ പ്രശ്‌നഭരിതമാണെന്ന് പറയുകയും ചെയ്തു. ദൂരപരിധികളും, നിരന്തരമായി വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായ്മയും, ജനസംഖ്യാ വര്‍ധനവും നമ്മള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇത് നമ്മളെ ദുര്‍ബലരാക്കുന്നു. അതുകൊണ്ടുതന്നെയാണ് ഗ്രീന്‍ലാന്‍ഡിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഭാഗമാക്കുക എന്ന രാഷ്ട്രീയ ദൗത്യവുമായി നടക്കുന്നവര്‍, നമ്മുടെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ ഒരു ‘സന്നദ്ധ ഡോക്ടറെ’ നൂക്കിലേക്ക് അയക്കുന്നത്. ഇത് വളരെ പ്രശ്‌നഭരിതമാണ്, മന്ത്രി പറഞ്ഞു. ഒരു ഭൗമരാഷ്ട്രീയ പദ്ധതിയിലെ പരീക്ഷണവസ്തുക്കളല്ല ഗ്രീന്‍ലാന്‍ഡുകാര്‍. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കേണ്ടത് ആദരവോടെയുള്ള സഹകരണത്തിലൂടെയും ഗ്രീന്‍ലാന്‍ഡിന്റെ സ്വയംനിര്‍ണ്ണയാവകാശത്തിലൂടെയുമാണ്, അല്ലാതെ ഒളിഞ്ഞിരിക്കുന്ന തന്ത്രപരമായ താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ ദൂതന്മാരിലൂടെയല്ല, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂപ്രദേശത്തിന്റെ ഭാവിയെക്കുറിച്ച് യു.എസും ഗ്രീന്‍ലാന്‍ഡും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് യു.എസ്. പ്രതിനിധി സംഘത്തിന്റെ ഈ സന്ദര്‍ശനം. ദ്വീപ് യു.എസ്. സ്വന്തമാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം വാഷിംഗ്ടണും കോപ്പന്‍ഹേഗനും (രണ്ടും നാറ്റോ സ്ഥാപക അംഗങ്ങള്‍) തമ്മിലും, പരക്കെ യൂറോപ്പിലുടനീളവും സംഘര്‍ഷത്തിന് കാരണമായിരുന്നു. 1960 കളില്‍ ഡാനിഷ് ഭരണകൂടത്തിന്റെ കീഴില്‍ ഗ്രീന്‍ലാന്‍ഡിലെ തദ്ദേശീയരായ സ്ത്രീകള്‍ക്ക് നേരെ അവരുടെ അനുവാദമില്ലാതെ നടന്ന (ഐ.യു.ഡി)ജനസംഖ്യാ നിയന്ത്രണ പരീക്ഷണങ്ങള്‍ വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യരംഗത്തുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ ഗ്രീന്‍ലാന്‍ഡ് വളരെ ഭയത്തോടെയും സംശയത്തോടെയുമാണ് കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button