മാൾട്ടയിലെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കുറയുന്നു
സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കുന്ന സേവന-വിൽപ്പന മേഖലയിൽ 150 യൂറോയാണ് സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കുറഞ്ഞത്
മാൾട്ടയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തുല്യ വേതനത്തിലെ അന്തരം കുറഞ്ഞുവരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ലേബർ സർവേ. സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കുന്ന സേവന-വിൽപ്പന മേഖലയിൽ 150 യൂറോയാണ് സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കുറഞ്ഞത്. നിലവിൽ ലിംഗഭേദമനുസരിച്ചുള്ള വേതന വിടവ് പ്രതിമാസം 158 യൂറോയാണ്. 2022 നെ അപേക്ഷിച്ച് വരുമാന വിടവിൽ ഒരു യൂറോ കുറവ് വന്നിട്ടുണ്ട്. എന്നാൽ 2021 സാമ്പത്തീക വർഷത്തേക്കാൾ 40 യൂറോയാണ് കുറവ് എന്നതാണ് ആകർഷകമായ ഒന്ന്.
ക്ലറിക്കൽ ജോലികളിലാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള ശമ്പള അന്തരം ഏറ്റവും കുറവുള്ളത് – 11 യൂറോ മാത്രം. മാനേജീരിയൽ തസ്തികകളിൽ ജോലി ചെയ്യുന്നവർ തമ്മിലും ഈ അന്തരം താരതമ്യേന കുറവാണ് . 48 യൂറോയുടെ വ്യത്യാസം. എന്നാൽ മാനേജീരിയൽ തസ്തികകളിൽ 35 ശതമാനം സ്ത്രീകൾ മാത്രമാണ് തൊഴിലെടുക്കുന്നത്. 51 ശതമാനം സ്ത്രീകൾ തൊഴിലെടുക്കുന്ന പ്രൊഫഷണൽ തസ്തികകളിലാണ് ഏറ്റവുമധികം വ്യത്യാസം ഉള്ളത്. 309 യൂറോയാണ് ഈ മേഖലയിൽ പുരുഷന്മാർ ശരാശരി അധികമായി നേടുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രാഥമീക തൊഴിൽ മേഖലയിൽ അന്തരം വളരെ വലുതാണ്. 211 യൂറോയാണ് ഇവിടെ പുരുഷന്മാർ അധികമായി നേടുന്നത്. 60 ശതമാനം സ്ത്രീകൾ തൊഴിലെടുക്കുന്ന സേവന-വിൽപ്പന മേഖലയിലും 189 യൂറോയുടെ വ്യത്യാസമുണ്ട്. എന്നാൽ 2022 ൽ ഈ വ്യത്യാസം 339 യൂറോയുടേത് ആയിരുന്നു.
പാർട്ട് ടൈം ജോലികളിലെ കണക്കുകൾ
ലേബർ ഫോഴ്സ് സർവേ പ്രകാരം മാൾട്ടയിലെ പ്രതിമാസ ശമ്പളം ശരാശരി 1837 യൂറോയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 50 യൂറോയുടെയും 2021 നെ അപേക്ഷിച്ച് 186 യൂറോയുടെയും വർദ്ധനവ് ഇതിലുണ്ട്. പുരുഷൻമാരുടെ ശരാശരി പ്രതിമാസ ശമ്പളം 165 യൂറോ വർദ്ധിച്ചപ്പോൾ സ്ത്രീകൾക്ക് 205 യൂറോ വർധന ലഭിച്ചു. എന്നാൽ പ്രാഥമീക തൊഴിൽ മേഖലയിൽ സ്ത്രീകളുടെ ശമ്പള നിരക്കിൽ ഇടിവുണ്ടായി. 2022 ൽ 1070 യൂറോ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ 993 യൂറോയാണ് അവർക്ക് പ്രതിമാസം ലഭിക്കുന്നത്. ഇത് തൊഴിലെടുക്കുന്ന പുരുഷന്മാർക്ക് 1204 യൂറോ ലഭിക്കുന്നുണ്ട്. സർവീസ് മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളാണ് കുറഞ്ഞ ശമ്പളം ലഭിക്കുന്ന മറ്റൊരു വിഭാഗം-1228 യൂറോ.
I