പീഡനക്കേസിൽ മകനെ രക്ഷിക്കാൻ ബ്രിട്ടനിലെ മുൻ മേയർ ശ്രമിച്ചതായി പരാതി

ലണ്ടൻ : 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ ഒളിപ്പിച്ചു വെക്കാൻ മകനോട് ബ്രിട്ടീഷ് നഗരസഭയിലെ മുൻ മേയർ ഉർദുവിൽ നിർദ്ദേശിച്ചതായി റിപ്പോർട്ട്. ‘ദി ടൈംസ്’ പത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ ബെർക്‌ഷെയറിലുള്ള ബ്രാക്നെൽ ഫോറസ്റ്റ് (Bracknell Forest) നഗരസഭയുടെ മുൻ മേയറായ നഹീദ് ഇജാസിനെതിരെ നീതിനിർവ്വഹണം തടസ്സപ്പെടുത്തിയ കുറ്റത്തിന് കേസെടുത്തു.
2024-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ നഹീദിന്റെ മകൻ ദിവാൻ ഖാൻ ഇപ്പോൾ വിചാരണ നേരിടുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് പ്രവേശനം വൈകിപ്പിക്കാൻ ശ്രമിച്ചപ്പോഴും നഹീദ് ഇജാസ് ഉറുദുവിൽ സംസാരിച്ചുവെന്ന് കോടതി നടപടികൾ ഉദ്ധരിച്ച് യു.കെ ആസ്ഥാനമായുള്ള പത്രം റിപ്പോർട്ട് ചെയ്തു.
ലേബർ പാർട്ടിയുടെ ഭാഗമായ ഇജാസ് 2023 മെയ് മുതൽ 2024 മെയ് വരെ ബ്രാക്നെൽ ഫോറസ്റ്റിന്റെ മേയറായി സേവനമനുഷ്ഠിച്ചു. 2024 ഒക്ടോബറിൽ അവർ കൗൺസിലർ സ്ഥാനം രാജിവച്ചു. അവരുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് അനുസരിച്ച്, അവർ പാകിസ്ഥാൻ വംശജയാണ്. പഠനവും പാക്കിസ്ഥാനിൽ തന്നെയാണ്. ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദിവാൻ ഖാൻ, 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് എം.ഡി.എം.എ ചേർത്ത വോഡ്ക നൽകിയെന്നും പിന്നീട് അവൾ ബോധരഹിതയായ ശേഷം ബലാത്സംഗം ചെയ്തെന്നും ആരോപിക്കപ്പെട്ടു. 2024 ജൂണിലാണ് സംഭവം.
പീഡനത്തിൻറെ ദൃശ്യങ്ങൾ ഖാൻ ചിത്രീകരിച്ചിരുന്നുവെന്നും പീഡന ശേഷം തനിക്ക് ബോധം വന്നപ്പോൾ തനിക്ക് അത് കാണിച്ച് തന്നുവെന്നും അതിജീവിത പോലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ഈ വീഡിയോ കാണിച്ച് ദിവാൻ ബ്ലാക്ക്മെയിൽ ചെയ്തതായും യുവതിയുടെ അമ്മയ്ക്ക് വീഡിയോ കാണിച്ച് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഒരു ഡ്രൈവിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് യുവതിയെയും സുഹൃത്തിനെയും കാറിൽ കയറ്റിയത്. ഈ യാത്രയ്ക്കിടെയാണ് വോഡ്ക നൽകി പീഡനം നടത്തിയതെന്ന് യുവതി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
ദിവാൻ ഖാനെ അറസ്റ്റ് ചെയ്യാനായി പോലീസ് നഹീദ് ഇജാസിന്റെ വീട്ടിലെത്തിയപ്പോൾ അവരെ തടയാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ’ദി ടൈംസ്’ റിപ്പോർട്ട് പ്രകാരം, പോലീസ് വീട്ടിൽ പ്രവേശിക്കുന്നത് ലേബർ പാർട്ടി കൗൺസിലറായ നഹീദ് മനപ്പൂർവ്വം വൈകിപ്പിച്ചു.
ആ സമയത്ത് അവർ മകനോട് ഉർദുവിൽ സംസാരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് ഉർദു അറിയില്ലായിരുന്നു. കുറ്റകൃത്യത്തിന്റെ സുപ്രധാന തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ ഒളിപ്പിച്ച് വെക്കാൻ മകനെ സഹായിക്കാനാണ് അവർ ഇത് ചെയ്തതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. മകൻ ചെയ്ത കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും നഹീദ് ഇത്തരത്തിൽ പ്രവർത്തിച്ചുവെന്ന് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു.
നഹീദ് ഇജാസും മകൻ ദിവാൻ ഖാനും വിഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഒരുമിച്ച് വിചാരണ നേരിടുകയാണെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. നീതിനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം നഹീദ് നിഷേധിച്ചു. ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
താൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് അവളെ പരിചയപ്പെട്ടതെന്നും അവൾക്ക് 24 വയസ്സുണ്ടെന്നാണ് കരുതിയതെന്നും ഖാൻ പോലീസിനോട് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ പ്രൊഫൈലിൽ 19 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും യഥാർത്ഥത്തിൽ അവൾക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പ്രോസിക്യൂട്ടർ വാദിച്ചു.



