മാൾട്ടാ വാർത്തകൾ

മാൾട്ട സാമ്പത്തിക കാര്യങ്ങളിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന രണ്ടാമത്തെ രാജ്യം : ഫ്ലാഷ് യൂറോബാരോമീറ്റർ സർവ്വേ

സാമ്പത്തിക കാര്യങ്ങളിൽ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന രണ്ടാമത്തെ രാജ്യമായി മാൾട്ട. 2026-ലെ ഫ്ലാഷ് യൂറോബാരോമീറ്റർ സർവ്വേ പ്രകാരം, സാമ്പത്തിക കാര്യങ്ങളിൽ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന രാജ്യങ്ങളിലൊന്നായി മാൾട്ട മാറി. യൂറോപ്പിലെ പകുതിയോളം പേർ (49%) തങ്ങളുടെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിഷേധാത്മകമായ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ, 76 ശതമാനം മാൾട്ടീസ് പൗരന്മാരും രാജ്യത്തെ സാമ്പത്തിക നില ഭദ്രമാണെന്ന് അഭിപ്രായപ്പെടുന്നു.

ലക്സംബർഗ് മാത്രമാണ് ഈ പട്ടികയിൽ മാൾട്ടയ്ക്ക് മുന്നിലുള്ളത് (85%). ഗ്രീസും ലാത്വിയയുമാണ് സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും നിരാശാഭാവം പുലർത്തുന്ന രാജ്യങ്ങൾ; വെറും 13 ശതമാനം പേർ മാത്രമാണ് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ അനുകൂലമായി കാണുന്നത്.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക സമ്മർദ്ദം

ജീവിതച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് യൂറോപ്പിലുടനീളം ആശങ്ക നിലനിൽക്കുമ്പോഴും മാൾട്ടയുടെ സാമ്പത്തിക സ്ഥിതി ഏറെക്കുറെ ഭദ്രമായി തുടരുന്നുവെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.

താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ നിത്യച്ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടുന്നതായി മാൾട്ടയിൽ നിന്ന് 10 ശതമാനം പേർ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്യൻ യൂണിയൻ ശരാശരി 32 ശതമാനമായിരിക്കെ, ഗ്രീസ് (46%), അയർലൻഡ് (40%), പോർച്ചുഗൽ (36%) തുടങ്ങിയ രാജ്യങ്ങളിലാണ് സാമ്പത്തിക സമ്മർദ്ദം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്.

ഭവന നിർമ്മാണത്തിനും മറ്റുമുള്ള ചെലവുകൾ (Housing affordability) സംബന്ധിച്ച ആശങ്കകളിലും മാൾട്ട വളരെ പിന്നിലാണ്. പോർച്ചുഗലിലെയും അയർലൻഡിലെയും വലിയൊരു വിഭാഗം ആളുകൾ വാടകയോ ലോൺ തിരിച്ചടവോ മുടങ്ങുമെന്ന് ഭയക്കുമ്പോൾ, അത്തരം ആശങ്കകൾ മാൾട്ടയിൽ താരതമ്യേന കുറവാണ്. കൂടാതെ, വിനോദങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും പണം മാറ്റിവെക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നവരും വളരെ കുറവാണ്.

വരുംതലമുറയെക്കുറിച്ചുള്ള പ്രതീക്ഷയിൽ മാൾട്ട മുന്നിൽ

ഇന്നത്തെ കുട്ടികളുടെ ഭാവി ജീവിതത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന രാജ്യവും മാൾട്ടയാണ്. ഇന്നത്തെ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെക്കാൾ മികച്ച ജീവിത നിലവാരം പുലർത്തുമെന്ന് 70 ശതമാനം മാൾട്ടീസ് പൗരന്മാരും വിശ്വസിക്കുന്നു. മറുവശത്ത്, യൂറോപ്പിലെ 45 ശതമാനം പേർ മാത്രമാണ് ഇത്തരമൊരു പ്രതീക്ഷ വെച്ചുപുലർത്തുന്നത്. ഫ്രാൻസിലാണ് ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ നിരാശാഭാവം കാണുന്നത് (56%).

മാൾട്ടയുടെയും യൂറോപ്പിന്റെയും ഭാവിയെക്കുറിച്ചുള്ള വിശ്വാസം

രാജ്യത്തിന്റെ ആഗോള മത്സരശേഷിയിൽ 84 ശതമാനം മാൾട്ടീസ് പൗരന്മാരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തിൽ മത്സരശേഷിയുള്ളതാണെന്ന് 82 ശതമാനം പേരും വിശ്വസിക്കുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വം സാമ്പത്തികമായി വലിയ നേട്ടമാണെന്ന് 94 ശതമാനം പേരും അഭിപ്രായപ്പെട്ടു.

അതേസമയം, ചില ആശങ്കകളും സർവ്വേ ഉയർത്തിക്കാട്ടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്താൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് 44 ശതമാനം പേർ കരുതുന്നു. കൂടാതെ, തൊഴിലില്ലായ്മയെക്കുറിച്ച് മാൾട്ടയിൽ 33 ശതമാനം പേർ ആശങ്ക പ്രകടിപ്പിച്ചു; ഇത് യൂറോപ്യൻ ശരാശരിയെക്കാൾ (24%) കൂടുതലാണ്.

സർവ്വേ രീതി

യൂറോപ്യൻ പാർലമെന്റിന്റെ നിർദ്ദേശപ്രകാരം ഡെമോസ്കോപ്പി (Demoscopy) എന്ന ഗവേഷണ സ്ഥാപനമാണ് ഈ സർവ്വേ നടത്തിയത്. 2026 മാർച്ച് 24 മുതൽ ഏപ്രിൽ 1 വരെയായിരുന്നു വിവരശേഖരണം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ നിന്നായി 15 വയസ്സിന് മുകളിലുള്ളവരെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്. മാൾട്ടയിൽ നിന്ന് 501 പേരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button