സാങ്കേതിക തകരാർ; ഡൽഹി- ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചുമടങ്ങി. വ്യാഴാഴ്ച രാവിലെ പുറപ്പെട്ട വിമാനം ഏകദേശം ഏഴുമണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തന്നെ തിരിച്ചെത്തി. ഫ്ളൈറ്റ് റഡാറിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എ350 വിമാനം. സൗദി വ്യോമപാതയിൽ വെച്ച് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരിച്ചുപറക്കുകയായിരുന്നുവെന്നാണ് വിവരം. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു എയർ ഇന്ത്യ വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചുമടങ്ങുന്നത്.
വ്യാഴാഴ്ച രാവിലെ 6.13 നാണ് വിമാനം ഡൽഹിയിൽ നിന്ന് പറന്നുയർന്നത്. എന്നാൽ ലണ്ടനിലേക്കുള്ള യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിയ വിമാനം ഉച്ചയ്ക്ക് 1.20 -ഓടെ തിരിച്ചെത്തി. വിമാനം ഏകദേശം 3,300 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് തിരിച്ചുപറന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം നാലുമണിക്കൂർ പറന്ന ശേഷമാണ് വിമാനം തിരിച്ച് ഡൽഹിയിലേക്ക് മടങ്ങിയത്. വിമാനത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിമാനങ്ങൾ തിരിച്ചുപറന്ന ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക തകരാർ സംശയിച്ച സാഹചര്യത്തിലാണ് വിമാനം മടങ്ങിയതെന്നും ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചെത്തിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, വിമാനത്തിൽ വിപുലമായ സാങ്കേതിക പരിശോധനകൾ നടത്തി വരുന്നു. ഇതിന് കൂടുതൽ സമയം ആവശ്യമാണ്.- പ്രസ്താവനയിൽ എയർ ഇന്ത്യ വ്യക്തമാക്കി.
ഒരാഴ്ച മുമ്പ് വാൻകൂവറിലേക്ക് പുറപ്പെട്ട ഒരു എയർ ഇന്ത്യ വിമാനം ഏഴ് മണിക്കൂറോളം പറന്ന ശേഷം ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. പ്രവർത്തനപരമായ പ്രശ്നങ്ങളായിരുന്നു കാരണം. ചൈനീസ് വ്യോമാതിർത്തിയിൽ വെച്ചാണ് ബോയിങ് 777-200 എൽആർ വിമാനം തിരിച്ചത്. മാർച്ച് 15 ന് ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം അയർലണ്ടിലെ ഷാനോണിലേക്ക് വഴിമാറ്റിയിരുന്നു. അന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്ന് എയർ ഇന്ത്യ പറഞ്ഞിരുന്നു.



