ദേശീയം

ഖലിസ്ഥാൻ ഫണ്ട്: അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിനു ശുപാർശ

ന്യൂഡല്‍ഹി: ഖലിസ്ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽനിന്ന് 16 ദശലക്ഷം ഡോളർ ഫണ്ട് വാങ്ങി എന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിനു ശുപാർശ. ഡല്‍ഹി ലഫ്. ഗവര്‍ണർ വി.കെ.സക്സേനയാണ് അന്വേഷണത്തിനു ശുപാര്‍ശ നല്‍കിയത്. കേജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു.

ഖലിസ്ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി എന്നാണ് ആരോപണം. ഖലിസ്ഥാൻ ഭീകരൻ ഗുർപട്‍വന്ത് സിങ് പന്നു ഉൾപ്പെടുന്ന വിഡിയോ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലഫ്. ഗവർണർ സക്സേനയുടെ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചത്.

കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി ഖലിസ്ഥാൻ അനുകൂല സംഘടനയിൽനിന്ന് 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 16 മില്യൻ ഡോളർ വാങ്ങിയതായി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 2014ൽ ന്യുയോർക്കിലെ റിച്ച്മോണ്ട് ഹിൽസ് ഗുരുദ്വാരയിൽ വച്ച് കേജ്‌രിവാള്‍ ഖലിസ്ഥാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും കത്തിൽ പരാമർശമുണ്ട്. ഭുള്ളറിനെ മോചിപ്പിക്കാൻ കേജ്‌രിവാള്‍ സഹായം വാഗ്ദാനം നൽകിയതായും കത്തിൽ പറയുന്നു.

മുന്‍ എഎപി പ്രവര്‍ത്തകനായ ഡോ. മുനിഷ് കുമാര്‍ സിങ് റെയ്‌സാദയുടെ എക്‌സ് പോസ്റ്റും പരാതിക്കൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍വച്ച് കേജ്‌രിവാളും സിഖ് നേതാക്കളും ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്. ഭുള്ളറിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കാണിച്ച്, ജന്തര്‍മന്തറില്‍ സമരമിരുന്ന ഇക്ബാല്‍ സിങ്ങിനു കേജ്‌രിവാള്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന കത്തും ഒപ്പമുണ്ടായിരുന്നു. ഇതടക്കമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button