അന്തർദേശീയം

സഹാറൻ ശിലാസ്മാരകളിലെ പുരാതന ശവകുടീരത്തിന്‍റെ കാലപ്പഴക്കം കണ്ടെത്തി

കെയ്‌റോ : വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ സഹാറ മരുഭൂമിയിലെ കൂറ്റൻ ശിലാസ്മാരകത്തിന്റെ കാലപ്പഴക്കം കണ്ടെത്തി. രണ്ട് നീണ്ട ആന്റിനകൾക്ക് സമാനമായ ശിലാനിരകളുള്ള സ്മാരകം ഏകദേശം 4,400 വർഷം പഴക്കമുള്ള ശവകുടീരമാണെന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ചെങ്കിലും, ഇതിന്റെ വിചിത്രമായ രൂപത്തിനു പിന്നിലെ രഹസ്യം ഇനിയും ചുരുളഴിഞ്ഞിട്ടില്ല.

വടക്കൻ പടിഞ്ഞാറൻ സഹാറയിലെ വാദി ലവാഷ് എൽ ടെല്ലി എന്ന പ്രദേശത്താണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള സ്ലുഗില്ല ലവാഷ് ശിലാചിത്ര കേന്ദ്രത്തിന്റെ കിഴക്കൻ അതിർത്തിയിലാണ് ഇത് കണ്ടെത്തിയത്. ശിലാസ്മാരകത്തിന്റെ മധ്യഭാഗത്ത് അണ്ഡാകൃതിയിലുള്ള കൽക്കൂനയും അതിന്റെ ഇരുവശത്തായി കിഴക്കോട്ട് നീളുന്ന രണ്ട് ശിലാനിരകളും ഉണ്ട്. ആന്റിനകളോട് സാമ്യമുള്ള ഈ രൂപഘടനയുള്ളതിനാൽ ഇത്തരം സ്മാരകങ്ങൾ ‘ആന്റിന ട്യൂമുലി’ എന്നറിയപ്പെടുന്നു.

ഏകദേശം 54.5 മീറ്ററാണ് സ്മാരകത്തിന്റെ ആകെ നീളം. മധ്യഭാഗത്തെ കൽക്കൂനയ്ക്ക് 12.5 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട്. ചുണ്ണാമ്പുകല്ലുകൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചിട്ടുള്ളത്. 2018 ഏപ്രിലിൽ നടത്തിയ പരിശോധനയിലാണ് സ്മാരകത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. കല്ലുകൾക്ക് താഴെ വലിപ്പമേറിയ ചുണ്ണാമ്പുകല്ലുകൾകൊണ്ട് നിർമിച്ച മറ്റൊരു ഘടനയും അതിനടിയിൽ ഒരു അസ്ഥികൂടവും കണ്ടെത്തി. പിന്നീട് മറ്റാരും ഈ ശവകുടീരം തുറന്നതിന്റെ അടയാളവും ഉണ്ടായിരുന്നില്ല.

അസ്ഥികൂടത്തിന്റെ തല തെക്കോട്ടും കാലുകൾ പടിഞ്ഞാറോട്ടുമായിരുന്നു. ഏറെ കാലപ്പഴക്കമുണ്ടായിരുന്നതിനാൽ അസ്ഥികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനാൽ മരിച്ചയാൾ പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാനായില്ല. എന്നാൽ പല്ലുകളുടെ തേയ്മാനം പരിശോധിച്ചപ്പോൾ ഏകദേശം 25–35 വയസ്സായിരുന്നിരിക്കാമെന്നാണ് കണ്ടെത്താനായത്. ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടുകൊണ്ട് നിർമിച്ച നാല് ഉരുണ്ട വസ്തുക്കളും ഈ ശവകുടീരത്തിൽ നിന്നും കണ്ടെത്തി.

ഏകദേശം 4,400 വർഷം മുമ്പ് നിലനിന്നിരുന്ന നവീനശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ഈ ശവകുടീരം നിർമിക്കപ്പെട്ടുവെന്നാണ് ഗവേഷകരുടെ നിഗമനം. ഇതേ കാലഘട്ടത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ശവകുടീരങ്ങളും ഈ മേഖലയിൽ ഉണ്ടായിരുന്നു. വ്യത്യസ്ത ശവസംസ്കാര സ്മാരക നിർമാണരീതികൾ ഒരേ കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നത്.

ശിലാനിരകൾ വടക്കുനിന്ന് ഏകദേശം 102 ഡിഗ്രി ദിശയിലാണ് വിന്യസിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ചില സഹാറൻ ശിലാസ്മാരകങ്ങൾക്ക് ജ്യോതിശാസ്ത്രവുമായി ബന്ധമുണ്ടായിരുന്നിരിക്കാമെന്ന സിദ്ധാന്തങ്ങൾ നേരത്തേ ഉയർന്നിരുന്നു. എന്നാൽ ലവാഷ് എൽ ടെല്ലിയിലെ സ്മാരകത്തിലെ രണ്ട് നീണ്ട ശിലാനിരകൾ ഏതെങ്കിലും പ്രത്യേക നക്ഷത്രത്തെയോ സൂര്യന്റെ സ്ഥാനത്തെയോ അടിസ്ഥാനമാക്കി നിർമിച്ചതാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ഗവേഷകർക്ക് ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button