സ്ത്രീ-പുരുഷ പെൻഷൻ ആനുപാതത്തിലെ വിടവ് സ്ഥിതിവിവരക്കണക്കുകളിലെ പിഴവ് : സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട

മാൾട്ടയിലെ സ്ത്രീ-പുരുഷ പെൻഷൻ (gender pension gap) ആനുപാതത്തിലെ വിടവ് വർദ്ധിച്ചുവരുന്നത്തിന് പ്രധാന കാരണം പുതിയൊരു ആനുകൂല്യപദ്ധതി സൃഷ്ടിച്ച സ്ഥിതിവിവര കണക്കിലെ പ്രശ്നങ്ങളാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ടയുടെ പഠനം
സിബിഎമ്മിന്റെ സാമ്പത്തിക വിഭാഗത്തിന്റെ ചീഫ് ഓഫീസറായ ആരോൺ ഗ്രെച്ചിന്റെ പഠനം, 2015-ൽ ആരംഭിച്ച ഡെഫിസിറ്റി കോൺട്രിബ്യൂട്ടറി ബോണസിൽ (DCB) എന്ന പദ്ധതിയെ കേന്ദ്രീകരിച്ചാണ്. ഈ പദ്ധതി, മതിയായ സാമൂഹ്യ സുരക്ഷാ സംഭാവനകൾ ഇല്ലാത്തതിനാൽ പൂർണ്ണ പെൻഷൻ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് — പ്രധാനമായും സ്ത്രീകൾക്ക് — ശരാശരി ഏകദേശം €800 വാർഷിക സഹായം നൽകുന്നതിന് രൂപകൽപ്പന ചെയ്തതാണ്.
യൂറോസ്റ്റാറ്റ് കണക്കുകൾ പ്രകാരം, മാൾട്ടയിലെ ശരാശരി സ്ത്രീ-പുരുഷ പെൻഷൻ ആനുപാതത്തിലെ വിടവ് 2015-ലെ ഏകദേശം 31.5%-ൽ നിന്ന് 2024-ൽ 40.3%-മായി ഉയർന്നു. ഇത് യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന നിരക്കാണ്; ഇയു ശരാശരി ഏകദേശം 24.5% മാത്രമാണ്.
ആദ്യനോട്ടത്തിൽ ഇത് സ്ത്രീകളുടെ സ്ഥിതി മോശമായതായി സൂചിപ്പിക്കുന്നുവെന്ന് തോന്നാം. എന്നാൽ ഗ്രെച്ചിന്റെ വിശകലനം പ്രകാരം, ഈ മാറ്റം യഥാർത്ഥ പെൻഷൻ നിലവാരത്തിലെ ഇടിവല്ല; മറിച്ച് ഗുണഭോക്താക്കളെ എങ്ങനെ കണക്കാക്കുന്നു എന്നതിലെ മാറ്റമാണ് പ്രധാന കാരണം.
ഡിസിബി ആരംഭിക്കുന്നതിന് മുമ്പ്, പെൻഷൻ വരുമാനം ഇല്ലാത്ത ആയിരക്കണക്കിന് സ്ത്രീകൾ ഔദ്യോഗിക പെൻഷൻ കണക്കുകളിൽ ഉൾപ്പെട്ടിരുന്നില്ല. പദ്ധതി നടപ്പിലാക്കിയതോടെ ഏകദേശം 14,000 സ്ത്രീകൾ ആദ്യമായി “പെൻഷൻ ലഭിക്കുന്നവർ” എന്ന വിഭാഗത്തിൽ ഉൾപ്പെട്ടു. ഡിസിബി തുക പൂർണ്ണ പെൻഷനേക്കാൾ വളരെ കുറഞ്ഞതായതിനാൽ, ഇവരെ ഉൾപ്പെടുത്തിയതോടെ സ്ത്രീകളുടെ ശരാശരി പെൻഷൻ തുക കണക്കിൽ കുറയുകയും അത് സ്ത്രീ-പുരുഷ പെൻഷൻ ആനുപാതത്തിലെ വിടവ് കൂടുതൽ വലുതായി തോന്നുകയും ചെയ്തു.
പഠനം ഇതിനെ “സ്റ്റാറ്റിസ്റ്റിക്കൽ ആർട്ടിഫാക്റ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത് — അതായത്, മുമ്പ് പുറത്താക്കപ്പെട്ട വിഭാഗങ്ങൾക്ക് അടിസ്ഥാന വരുമാന സഹായം നൽകുന്ന നയങ്ങൾ അവരുടെ ഉൾപ്പെടുത്തൽ മെച്ചപ്പെടുത്തുമ്പോഴും, ശരാശരി മൂല്യങ്ങൾ താഴ്ത്തുന്നതിനാൽ യാഥാർത്ഥ്യത്തേക്കാൾ മോശമായ ചിത്രം സൃഷ്ടിക്കാം.
അതേസമയം, “ശരാശരി പെൻഷൻ വിടവ്”രീതിയിൽ വ്യത്യസ്തമായ ചിത്രം ലഭിക്കുന്നു. ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും “സാധാരണ” പെൻഷൻ തുക തമ്മിലുള്ള വ്യത്യാസമാണ് കാണിക്കുന്നത്. ഈ അടിസ്ഥാനത്തിൽ മാൾട്ട ഇയുവിൽ ഒന്നാമതല്ല, അഞ്ചാം സ്ഥാനത്താണ്. കൂടാതെ, ഈ വ്യത്യാസം 2015-ലെ 36.2%-ൽ നിന്ന് 2024-ൽ 34.9%-മായി കുറയുകയും ചെയ്തു. അതായത്, സാധാരണ വനിതാ പെൻഷൻഭോക്താക്കളുടെ അവസ്ഥയിൽ ക്രമാതീതമായ പുരോഗതി ഉണ്ടാകുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
പഠനം ചൂണ്ടിക്കാണിക്കുന്നത്, മാൾട്ടയിലെ മീഡിയൻ ഗ്യാപ്പ് ഇപ്പോഴും ഇയു മീഡിയം ശരാശരിയായ 24.9%-നേക്കാൾ കൂടുതലാണെങ്കിലും, വളരെ ചെറിയ ഡിസിബി തുകകൾ പോലുള്ള അതിരൂക്ഷമായ മൂല്യങ്ങളുടെ സ്വാധീനം കുറവായതിനാൽ മീഡിയം കൂടുതൽ സ്ഥിരതയുള്ള സൂചികയാണെന്നാണ്.
രീതിശാസ്ത്രപരമായ പ്രശ്നങ്ങൾക്കപ്പുറം, സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട മറ്റ് പുരോഗതികളും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മുതിർന്ന സ്ത്രീകളുടെ മീഡിയം വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്. ദാരിദ്ര്യവും അഭാവവും കുറഞ്ഞിട്ടുണ്ട്. കൂടാതെ, സ്ത്രീ-പുരുഷ പെൻഷൻ കവറേജ് വ്യത്യാസം 2015-ലെ 24.6 ശതമാന പോയിന്റിൽ നിന്ന് 2024-ൽ 6.3 പോയിന്റായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഗ്രെച്ചിന്റെ നിഗമനം ഇങ്ങനെയാണ്: അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, മാൾട്ടയിലെ സ്ത്രീ-പുരുഷ പെൻഷൻ ആനുപാതത്തിലെ വിടവ് മോശമായതായി കാണപ്പെടുന്നത് സ്ത്രീകൾക്കായുള്ള പെൻഷൻ കവറേജ് വ്യാപിപ്പിച്ച നയങ്ങളുടെ അനിഷ്ടിതമായ സ്ഥിതിവിവര കണക്കിലെ പ്രത്യാഘാതങ്ങളാലാണ്; സ്ത്രീകളുടെ വിരമിച്ച ശേഷമുള്ള ജീവിത നിലവാരം യഥാർത്ഥത്തിൽ മോശമായതിന്റെ തെളിവല്ല.



