ലൈംഗിക പീഡനക്കേസ് : ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്

ലണ്ടൻ : ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിന് പിന്നാലെ ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് തടവ് ശിക്ഷ. റസ്സൽ ബ്രാൻഡിന് 10 വർഷവും 6 മാസവുമാണ് ജയിൽ ശിക്ഷ വിധിച്ചത്. സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ നാലാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് 51 കാരനായ താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് ശിക്ഷ വിധിച്ചത്.
21കാരിയായ ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയതിനുമാണ് നടൻ ശിക്ഷിക്കപ്പെട്ടത്. റസ്സൽ തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിന്ന 2004 മുതൽ 2009 വരെയുള്ള കാലത്താണ് ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. അതേസമയം, റസ്സലിനെതിരേ ഉയർന്ന രണ്ട് ബലാത്സംഗ കേസുകളിലും ഒരു ബലാത്സംഗശ്രമ കേസിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ബാർ, റേഡിയോ സ്‌റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ എന്നിവിടങ്ങളിൽ വച്ചാണ് റസ്സൽ സ്ത്രീകളെ ഉപദ്രവിച്ചത്. എന്നാൽ, എല്ലാ ആരോപണങ്ങളും നിരാകരിക്കുന്ന നിലപാടാണ് നടൻ സ്വീകരിച്ചത്. ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധത്തിൽ താൻ ഏർപ്പെട്ടിട്ടില്ല എന്നാണ് റസ്സൽ വാദിച്ചത്.



