ഇസ്രയേല്‍ നെസെറ്റില്‍ സുപ്രധാന പദവികളില്‍ ധാരണ

ജറുസലേം : ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പുരോഗമിക്കവേ, പാര്‍ലമെന്റായ നെസെറ്റിലെ സുപ്രധാന പദവികള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ധാരണയായെന്ന് മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട്. മുന്‍ മന്ത്രിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗവുമായ മതന് കഹാനയെ നെസെറ്റ് സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം തീരുമാനിച്ചു.
നഫ്താലി ബെന്നറ്റ്, യെയര്‍ ഗോലന്‍, അവിഗ്ദോര്‍ ലിബര്മാന്, യെയര്‍ ലാപിഡ് എന്നിവരുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് ഐസന്‍കോട്ട് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണ കാലയളവില്‍ 26-ാമത് നെസെറ്റിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് ധാരണയായത്. മാറ്റത്തിനും പരിഷ്കരണത്തിനുമായി നിലകൊള്ളുന്ന പാര്‍ട്ടികളുടെ നേതാക്കളുമായാണ് ധാരണയിലെത്തിയതെന്ന് ഐസന്‍കോട്ട് എക്സിലൂടെ വ്യക്തമാക്കി.
ധാരണപ്രകാരം റോയ് ഫോക്മാനെ നെസെറ്റിലെ ഹൗസ് കമ്മിറ്റി അധ്യക്ഷനായും മുന്‍ പ്രതിരോധ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ അവിഗ്ദോര്‍ ലിബര്‍മാനെ വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായും നിയമിക്കാന്‍ നിര്‍ദേശിക്കും. ലിറാന്‍ അവിഷാര് ബെന്‍-ഹൊറിനാണ് ധനകാര്യ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പാര്‍ലമെന്റിലെ വിവിധ സമിതികളുടെ ഘടന ഈ ആഴ്ച നടക്കുന്ന ഹൗസ് കമ്മിറ്റി ചര്‍ച്ചകളില്‍ അന്തിമമാക്കും. തുടര്‍ന്ന് അടുത്ത ബുധനാഴ്ച നെസെറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പ്രത്യേക സമിതികള്‍ രൂപീകരിക്കുന്ന കാര്യത്തിലും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും.



