നേപ്പാളില്‍ ബാലേന്ദ്ര ഷായുടെ ആര്‍എസ്പി അധികാരത്തിലേക്ക്

കാഠ്മണ്ഡു : നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ റാപ്പറും കാഠ്മണ്ഡു മുന്‍ മേയറുമായിരുന്ന ബാലേന്ദ്ര ഷായുടെ പാര്‍ട്ടി മുന്നേറുന്നു. ബാലേന്ദ്രയുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി 80 ലേറെ സീറ്റില്‍ മുന്നിലാണ്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എട്ടു സീറ്റില്‍ മാത്രമാണ് ലീഡുള്ളത്.
റാപ്പര്‍, ടെലിവിഷന്‍ താരം എന്നീ നിലകളില്‍ ശ്രദ്ധേയനായ 35 കാരന്‍ ബാലേന്ദ്ര ഷാ, തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിച്ച് ക്രൗഡ് പുള്ളറായി മാറിയിരുന്നു. മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) ആറു സീറ്റില്‍ മാത്രമാണ് ലീഡു ചെയ്യുന്നത്. പുഷ്പകുമാര്‍ ദഹലിന്റെ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി മൂന്നു സീറ്റില്‍ മാത്രമാണ് ലീഡു നേടിയത്.
നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭത്തെത്തുടര്‍ന്നാണ് കെപി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരഭ്രഷ്ടരാകുന്നത്. നേപ്പാള്‍ പാര്‍ലമെന്റിലെ 275 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതില്‍ 165 സീറ്റുകളിലേക്കാണ് പൊതുജനങ്ങള്‍ വോട്ടുചെയ്യുന്നത്. ഈ മണ്ഡലങ്ങലിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ശേഷിക്കുന്ന 110 സീറ്റിലേക്ക് അംഗങ്ങളെ ആനുപാതികമായി നോമിനേറ്റ് ചെയ്യും.



