കേരളംചരമം

കേരളത്തിന്റെ നൊമ്പരമായ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം

കോഴിക്കോട് : അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി.

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button