ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.