അന്തർദേശീയം

കോവിഷീൽഡ് അടക്കമുള്ള കോവിഡ് പ്രതിരോധ വാക്സിനുകൾ പിൻവലിച്ച് നിർമാണക്കമ്പനി

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചതായി ആസ്ട്രസെനക അറിയിച്ചു.  മാർച്ച് അഞ്ചിനാണ് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മെയ് ഏഴിന് ഇത് പ്രാബല്യത്തിൽ വന്നു. കോവിഷീൽഡെന്ന പേരിൽ ഇന്ത്യയിലും ആസ്​ട്രസെനക വാക്സിൻ വിതരണം ചെയ്തിരുന്നു. മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്.

വിപണിയിൽ ആവശ്യകത കുറഞ്ഞതിനെ തുടർന്നാണ് പിൻവലിക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് കമ്പനിയുടെ പക്ഷം.  വ്യത്യസ്ത വകഭേദങ്ങളിലായുള്ള വാക്സിനുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഡിമാൻഡ് കുറഞ്ഞതിനാൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ഇതിന്റെ ഉൽപാദനവും വിതരണവും നിർത്തിവെച്ചിട്ടു​ണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു.തങ്ങളുടെ വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് കഴിഞ്ഞയാഴ്ച കമ്പനി രംഗത്തുവന്നിരുന്നു. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയാനും കാരണമാകുന്ന അവസ്ഥയ്ക്ക് വാക്സിൻ കാരണമാകുമെന്ന് കമ്പനി കോടതിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.വാക്സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യു.കെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. യു.കെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button