‘ബൗണ്ടറി ലൈനിൽ കാൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തം, അതെങ്ങനെ ക്യാച്ചാകും’;
തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ നാലാംപന്ത്. ലെംഗ്ത് ബോൾ മലയാളി താരം മികച്ചൊരു ഷോട്ട് കളിച്ചു. ലോങ് ഓണിലേക്ക് കളിച്ച പന്ത് ഷായ് ഹോപ് അവിശ്വസനീയമാംവിധം കൈകളിലൊതുക്കി. എന്നാൽ ക്യാച്ചെടുക്കുന്നതിനിടെ നിലതെറ്റിയ താരം പിറകിലേക്ക് പോയപ്പോൾ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തതായി വീഡിയോയിൽ ദൃശ്യമായെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
ബൗണ്ടറി ലൈനിലെ കുഷ്യനിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിട്ടും അമ്പയർ ഔട്ട് വിധിച്ചത് സഞ്ജുവിനേയും ചൊടിപ്പിച്ചു. പ്രതിഷേധവുമായി സഞ്ജു മലയാളി അമ്പയർ അനന്തപത്മനാഭനടുത്തേക്കെത്തി. റിവ്യൂ അടക്കം ആവശ്യപ്പെടാൻ ശ്രമിച്ചെങ്കിലും തേർഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം പോകാനാണ് ഫീൽഡ് അമ്പയർ ശ്രമിച്ചത്. 46 പന്തിൽ 86 റൺസെടുത്ത സഞ്ജു പുറത്ത്. ഇതോടെ മത്സരവും രാജസ്ഥാനിൽ നിന്ന് വഴുതിപോയി. ഈ സമയം ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാൽ ഗ്യാലറിയിലിരുന്ന് സഞ്ജുവിനോട് കയറിപ്പോകാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഡൽഹി കോച്ച് റിക്കി പോണ്ടിങും അത് ഔട്ടാണെന്നവിധത്തിൽ പ്രതികരിക്കുകയും ചെയ്തു.
അത്യന്തം ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 20 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡൽഹി വിജയലക്ഷ്യമായ 222 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 201ൽ അവസാനിച്ചു. രാജസ്ഥാൻ നിരയിൽ നായകൻ സഞ്ജു സാംസൺ( 46 പന്തിൽ 86) റൺസുമായി ടോപ്‌സ്‌കോററായി. അതേസമയം 86 റൺസ് നേട്ടത്തിലൂടെ ഐപിഎല്ലിൽ കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ എന്നിവയും സഞ്ജു സ്വന്തമാക്കി. ഈ സീസണിലെ അഞ്ചാം അർധസെഞ്ച്വറിയിലേക്കാണ് സഞ്ജു ബാറ്റ് വീശിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്വന്തം തട്ടകമായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി പടുത്തുയർത്തിയ 221 റൺസിന് മറുപടി ബാറ്റിങിനിറങ്ങിയ സഞ്ജുവിനും സംഘത്തിനും തുടക്കം മികച്ചതായില്ല. ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ സ്‌കോർബോർഡിൽ നാലു റൺസ് തെളിയും മു്ൻപെ നഷ്ടമായി. ഖലീൽ അഹമ്മദിന്റെ പന്തിൽ അക്‌സർ പട്ടേൽ പിടിച്ചാണ് ജയ്‌സ്വാൾ(4) മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ ടീമിന്റെ ഭാരം ഒറ്റക്ക് ചുമലിലേന്തി. മറുവശത്ത് ജോഷ് ഭട്‌ലർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ കൃത്യമായി സിക്‌സറും ഫോറും പായിച്ച് സഞ്ജു റൺറേറ്റുയർത്തി. പവർപ്ലെയുടെ അഞ്ചാംപന്തിൽ സ്‌കോർ 67ൽ നിൽക്കെ ബട്‌ലറിനെ(19) നഷ്ടമായത് വലിയ തിരിച്ചടിയായി. തുടർന്ന് ക്രീസിലെത്തിയ റയാൻ പാരാഗുമായി ചേർന്ന് സഞ്ജു മറ്റൊരു പാർട്ണർഷിപ്പ് പടുത്തുയർത്തി. എന്നാൽ ഇംപാക്ട് പ്ലെയർ റാസിഖ് സലിമിന്റെ ഓവറിൽ പരാഗ്(27) ക്ലീൻ ബൗൾഡായി. തുടർന്ന് ശുഭം ഡുബെ(12 പന്തിൽ 25), റോമൻ പവൽ(13) എന്നിവരും ഫിനിഷറുടെ റോളിൽ അവതരിക്കാതെവന്നതോടെ രാജസ്ഥാൻ സീസണിലെ മൂന്നാംതോൽവി നേരിട്ടു. ഇതോടെ പോയന്റ് ടേബിൾ രണ്ടാംസ്ഥാനത്ത് തന്നെ തുടരേണ്ടിവന്നു.
നേരത്തെ ഫ്രേസർ മക്ഗർകിന്റേയും അഭിഷേക് പൊറേലിന്റേയും അർധസെഞ്ച്വറി കരുത്തിലാണ് ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണർമാരായ ഓസീസ് താരം മക്ഗർകും അഭിഷേകും ചേർന്ന് ആദ്യ പന്തുമുതൽ തകർത്തടിച്ചതോടെ റണ്ണൊഴുകി. ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിൽ 28 റൺസാണ് ഫ്രേസർ അടിച്ചെടുത്തത്. 19 പന്തിൽ അർധസെഞ്ച്വറി തികച്ചു. 4 ഓവറിൽതന്നെ 60 പിന്നിട്ട് വലിയ ടോട്ടലിലേക്ക് നീങ്ങവെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആർ അശ്വിനെ കൊണ്ടുവന്ന് ആദ്യ ബ്രേക് ത്രൂ നേടിയെടുത്തു. അൻപത് റൺസിൽ നിൽക്കെ ഫ്രേസറിനെ അശ്വിൻ ഫെറാറിയയുടെ കൈകളിലെത്തിച്ചു.