എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് : കെ-ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5ന്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ-ഫോണ്‍ മുഖേന നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി കഴിഞ്ഞു.
ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍ ആണ് കെ ഫോണ്‍ പദ്ധതി. ഇന്റര്‍നെറ്റ് ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. സാങ്കേതികമായി വളര്‍ച്ച കൈവരിയ്ക്കുന്ന ലോകത്തിനൊപ്പം സഞ്ചരിയ്ക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മ്മിതിയ്ക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ-ഫോണ്‍ മാറും എന്ന് അദ്ദേഹം വ്യക്തമാക്കി
സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. കെ – ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കുന്നതിനും ഇതു വഴി സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു
യുവധാര ന്യൂസ്