നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട് : മലയാള സിനിമയിൽ കോഴിക്കോടൻ ചിരി പടർത്തിയ മഹാനടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട് മെയ്‌ത്ര ആശുപത്രിയിൽ ബുധനാഴ്‌ച പകൽ ഒന്നിനായിരുന്നു അന്ത്യം. തിങ്കളാഴ്‌ച രാത്രി മലപ്പുറം ജില്ലയിലെ വണ്ടൂർ പൂങ്ങോട് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രയിലും തുടർന്ന് മെയ്‌ത്രയിലും പ്രവേശിപ്പിക്കുകയായിരുന്നു. അർബുദ ബാധയെ അതിജീവിച്ചാണ് സമീപകാലത്തും സിനിമയിൽ സജീവമായത്.
കല്ലായിയിൽ മരം അളവുകാരനായും കാർണവൽ നടനായും ജീവിതം തുടങ്ങി വെള്ളിത്തിരയിലേക്ക് പടർന്ന മാമുക്കോയ അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. കോഴിക്കോടൻ നാടകവേദിയിലുടെ യാണ് സിനിമയിൽ എത്തിയത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യാണ് ആദ്യചിത്രം. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള ‘നാരിയൽ കാ പാനി’പ്രയോഗവും നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ് എന്നിവയിലും ശ്രദ്ധേയ വേഷങ്ങൾ. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. സത്യൻ അന്തിക്കാട് സിനിമകളാണ് മാമുക്കോയയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. ഇ എം അഷ്‌റഫിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച ഉരു ആണ് മാമുക്കോയയുടെ അവസാന ചിത്രം.
അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി . കോഴിക്കോട് എം എം ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കവെ നാടകത്തിൽ സജീവമായി. 16ാം വയസിൽ അഭിനയിച്ച കെ ടി കുഞ്ഞുവിന്റെ ‘ഗർഭസത്യാഗ്രഹം’ ആണ് ആദ്യനാടകം. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം. ബേപ്പൂർ മാത്തോട്ടത്തെ വീട്ടിലാണ് താമസം. ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. മരുമക്കൾ: ജസി, ഹബീബ് (കോഴിക്കോട്), സക്കീർ ഹുസൈൻ(കെഎസ്‌ഇബി, വെസ്‌റ്റ്‌ഹിൽ), ഫസ്‌ന (പുറമേരി).
യുവധാര ന്യൂസ്