അന്തർദേശീയം

അജയ് ബംഗ പുതിയ ലോകബാങ്ക് പ്രസിഡന്റ്

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ വംശജന്‍. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. അജയ് ബംഗ ബുധനാഴ്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി ലോകബാങ്ക് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ബുധനാഴ്ച ചേർന്ന 25 അംഗ എക്‌സിക്യൂട്ടീവ് ബോർഡിലാണ് തീരുമാനം. ലോകബാങ്ക് ബോർഡ് അംഗങ്ങൾ തിങ്കളാഴ്ച നാല് മണിക്കൂർ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരാളികൾ ആരുമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വർഷമാണ് കാലാവധി. ജൂൺ രണ്ടിന് ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് 63 കാരനായ ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിർദ്ദേശിച്ചത്.

പിന്തുണ അറിയിച്ച് തുറന്ന കത്തിൽ, 55 അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ, എക്സിക്യൂട്ടീവുകൾ, വെറ്ററൻസ്, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശത്തെ പിന്തുണച്ചു. കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൈഡൻ, അജയ് ബംഗയെ നിർദ്ദേശിച്ചത്. നിരവധി നോബൽ സമ്മാന ജേതാക്കളും ബംഗയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഡേവിഡ് മാൽപാസ് ഒരു വർഷം മുമ്പാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പൂനെയിൽ ജനിച്ച ബംഗ എഴുപതുകളിൽ ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അച്ഛൻ പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് സിംഗ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. അമേരിക്കൻ പൗരനായ ബംഗ ഏകദേശം 12 വർഷത്തോളം Mastercard Inc-ന്റെ തലവനായിരുന്ന ശേഷം 2021 ഡിസംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.

സാമ്പത്തിക, സാങ്കേതിക മേഖലകളിൽ ബംഗയ്ക്ക് വൈദഗ്ധ്യമുണ്ട്. 63 കാരനായ ബംഗ അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം പാർട്ണർഷിപ്പ് ഫോർ സെൻട്രൽ അമേരിക്കയുടെ കോ-ചെയർ ആയി അജയ് പ്രവർത്തിച്ചിട്ടുണ്ട്.

ത്രിരാഷ്ട്ര കമ്മീഷനിലും അംഗമാണ്. അജയ് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയും യുണൈറ്റഡ് സ്റ്റേറ്റ്സ്-ചൈന റിലേഷൻസ് ദേശീയ സമിതി അംഗവുമാണ്. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാൻ എമിരിറ്റസ് കൂടിയാണ് അദ്ദേഹം.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button