ഗാംബിയയില്‍ ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് മരിച്ചത് 66 കുട്ടികള്‍; അന്വേഷണം പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ലോകാരോഗ്യസംഘടന രംഗത്തെത്തിയത്. Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ നിര്‍ത്തലാക്കണമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യൻ മരുന്ന് കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. ഡല്‍ഹി ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കഫ് സിറപ്പുകള്‍ക്കെതിരെയാണ് അന്വേഷണം. കമ്പനിയുടെ നാല് കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മെഡിക്കല്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇവ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കമ്പനിയില്‍ നിന്നും ഇന്ത്യയിലെ ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
66 കുട്ടികളാണ് മെയ്ഡന്‍ കമ്പനിയുടെ കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗാംബിയയില്‍ മരിച്ചത്. തുടര്‍ച്ചയായി അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ വൃക്ക തകരാര്‍ മൂലം മരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗാംബിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയിലാണ് ഈവര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പാണ് കുട്ടികളില്‍ ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയത്.
ഗാംബിയയില്‍ നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ( diethylene glycol), എത്തിലീന്‍ ഗ്ലൈക്കോള്‍ (ethylene glycol) എന്നീ ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു.
മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ കഫ് സിറപ്പുകളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ മരുന്ന് കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ ഇതേ സിറപ്പുകള്‍ വിതരണം ചെയ്തോ, ഏത് അളവിലാണ് ഘടകങ്ങള്‍ എന്നിവ പരിശോധിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.