ഇസ്രയേല്‍ തെരഞ്ഞെടുപ്പ് : ഭൂരിപക്ഷം തികയാതെ നെതന്യാഹു; അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വോട്ടുകള്‍ കവര്‍ന്നുവെന്ന് ലിക്കുഡ് പാര്‍ട്ടി

ജെറുസലേം : ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും വോട്ടുകള്‍ കവര്‍ന്നുവെന്നും ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രംഗത്ത്. 120 അംഗ നെസെറ്റില്‍ കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ നേടാന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് അറബ് പാര്‍ട്ടികള്‍ ‘കിങ് മേക്കര്‍മാരായി’ മാറുന്നത് തടയാന്‍ ലക്ഷ്യമിട്ട് ലിക്കുഡ് പാര്‍ട്ടി കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരും ജൂത രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ അറബ് പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ഫലം മോഷ്ടിച്ചതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ലിക്കുഡ് പാര്‍ട്ടി ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അഴിമതി, ഭീഷണി, അക്രമം, വ്യാജപ്രചാരണങ്ങള്‍, നിരോധിത സോഫ്റ്റ്വെയറുകള് എന്നിവ ഉപയോഗിച്ചതായും അവര്‍ ആരോപിച്ചു. പണവും ബാലറ്റ് പേപ്പറുകളും നിറച്ച ആയിരക്കണക്കിന് കവറുകളും, പോളിങ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണികളും സംബന്ധിച്ച തെളിവുകള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.
85 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റുകളുമായി നേരിയ മുന്നേറ്റത്തിലാണ്. മുഖ്യ എതിരാളിയായ ഗാഡി ഐസന്‍കോട്ടിന്റെ യഷാര് പാര്‍ട്ടി 48 സീറ്റുകള്‍ നേടി തൊട്ടുപിന്നിലുണ്ട്. അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും വിജയിച്ചു. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് നിലവിലുള്ളത്. രണ്ട് പക്ഷങ്ങള്‍ക്കും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകളില്ലാത്ത സാഹചര്യത്തില്‍ അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കാം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഫലപ്രഖ്യാപന വേളയിലും അറബ് പാര്‍ട്ടികള്‍ക്കെതിരെ നെതന്യാഹു രംഗത്തുവന്നിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവുമായി ചില വ്യക്തികള്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അറബ് പാര്‍ട്ടികള്‍ക്കെതിരെ അദ്ദേഹം രംഗത്തുവന്നത്. വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച ചിലരെ പോളിങ് സ്റ്റേഷനുകള്‍ക്ക് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റി അധികൃതരും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണവും കവറുകളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.



