യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെയിൽ വാഹനങ്ങളുടെ മത്സര ഓട്ടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട കേസ്; രണ്ട് ഇന്ത്യൻ വംശജർക്ക് തടവുശിക്ഷ

ലണ്ടൻ : വടക്കൻ ഇംഗ്ലണ്ടിൽ റോഡിൽ വാഹനങ്ങളുടെ മത്സര ഓട്ടത്തിനിടയിൽ കാറിടിച്ച് അമ്മയും നാല് വയസ്സുള്ള മകളും കൊല്ലപ്പെട്ട കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് തടവുശിക്ഷ. ജാസ്കമൽ റിയാത് (37), ഹർദീപ് ഭച്ചു (29) എന്നിവർക്ക് യഥാക്രമം 16,12 വർഷത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചത്.

2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കോട്ട് ഹാൾ റോഡിലൂടെ മകളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്ന ജസ്റ്റീന ഹൾബോജ് (27), മകൾ ലെന ചെപ്സർ (4) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികൾ നടത്തിയ നിയമവിരുദ്ധ കാർ മത്സരത്തിനിടയിൽ ഭച്ചു ഓടിച്ച ഓഡി ടി.ടി ആർ.എസ് കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇരുവരുടെയും മേൽ ഇടിച്ചുകയറുകയായിരുന്നു.

കേസിൽ അപകടകരമായി വാഹനം ഓടിച്ച് മരണം സംഭവിപ്പിച്ചെന്ന കുറ്റം സമ്മതിച്ച ഹർദീപ് ഭച്ചുവിന് 12 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ, റിയാതിനോട് മത്സരിച്ച് കാറോടിക്കുന്ന ദൃശ്യങ്ങൾ ഡാഷ്‌കാം ഫൂട്ടേജിൽ തെളിഞ്ഞിട്ടും തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വാദിച്ച ജാസ്കമൽ റിയാതിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 16 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ ഇരുവരുടെയും ഡ്രൈവിങ് ലൈസൻസ് ആറ് വർഷത്തേക്ക് റദ്ദാക്കി.

പ്രതികൾ പരസ്പരം പരിചയമുള്ളവരായിരുന്നില്ല. ട്രാഫിക് സിഗ്നലിൽ കാറുകൾ നിർത്തിയിട്ടിരുന്നപ്പോൾ പരസ്പരം സംസാരിച്ച ഇരുവരും തങ്ങളുടെ ആഡംബര കാറുകളുടെ കരുത്തിനെ പ്രശംസിക്കുകയും, റിയാത് മത്സരത്തിന് പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഭച്ചുവിന്റെ ഡാഷ്‌കാം ദൃശ്യങ്ങളും റിയാതിന്റെ ഫോൺ റെക്കോർഡിങും തെളിയിച്ചു. മണിക്കൂറിൽ 40 മൈൽ മാത്രം വേഗത പരിധിയുള്ള റോഡിൽ ഏകദേശം 90 മൈൽ വേഗതയിലാണ് കാറോടിച്ചത്. അമിതവേഗതയിൽ റോഡരികിലെ കേർബിൽ തട്ടി നിയന്ത്രണം വിട്ട കാർ ജാഗ്വാർ ഡീലർഷിപ്പിന് സമീപത്തുവെച്ചാണ് പവറ്റ്‌മെന്റിലേക്ക് കയറി അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button