യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിൽ പ്രതിഷേധം പടരുന്നു; ഫ്രാൻസിൽ ആയിരത്തോളം പേർ അറസ്റ്റിൽ

പാരിസ്‌ : വൻ പൊലീസ്‌ സന്നാഹമൊരുക്കിയും സൈന്യത്തെ ഇറക്കിയും അടിച്ചമർത്താൻ തീവ്രവലതുപക്ഷ സർക്കാർ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും വിലക്കുകൾ കാറ്റിൽപ്പറത്തി തെരുവിലിറങ്ങി ഫ്രാൻസ്‌ യുവത. ശനിയാഴ്‌ച വാരാന്ത പ്രതിഷേധ റാലികളിൽ വിവിധ നഗരങ്ങളിൽ ജനലക്ഷങ്ങൾ അണിനിരന്നു. തെക്കുപടിഞ്ഞാറൻ നഗരമായ ടുലൂസിൽ 26,500 ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ്‌ റിപ്പോർട്ട്. പാരിസടക്കമുള്ള പ്രധാന നഗരങ്ങളിൽ പതിനായിരങ്ങൾ പ്രതിഷേധവുമായെത്തി.

പ്രക്ഷോഭകർക്ക്‌ നേരെ വ്യാപക പൊലീസ്‌ നടപടിയുണ്ടായി. രാജ്യവ്യാപകമായി ആയിരങ്ങൾ അറസ്‌റ്റിലായി. പ്രതിഷേധ റാലി നിരോധിച്ചിരുന്ന ലിയോണിൽ ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ക്ലർമോണ്ട്-ഫെറാൻഡിൽ പൊലീസ്‌ സമരക്കാർക്കുനേരെ കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരിസിലും മറ്റ് നഗരങ്ങളിലും ഇടതുപക്ഷ പാർടികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ്‌ പ്രതിഷേധം അരങ്ങേറിയത്‌.

പൊതുവിദ്യാലയങ്ങളിലെയും കോളേജുകളിലെയും സൗകര്യക്കുറവിന്റെ പേരിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം ജീവിതച്ചെലവ് വർധനവ്, ഭവനപ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ ജനരോഷമായി പടരുകയായിരുന്നു. പ്രതിഷേധങ്ങൾക്ക്‌ തടയിടാനായി വ്യാപാര സ്ഥാപനങ്ങൾ അടച്ചും ഗതാഗതം നിരോധിച്ചും ഭീകരാന്തരീഷം സൃഷ്‌ടിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.

രാജ്യവ്യാപകമായി 70000ത്തോളം പൊലീസുകാരെ വിന്യസിച്ച്‌ അടിച്ചമർത്താനാണ്‌ ഇമ്മാനുവൻ മാക്രോണിന്റെ സർക്കാർ ശ്രമിച്ചത്‌. വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടും, കർഫ്യൂ ഏർപ്പെടുത്തിയും നിയന്ത്രണങ്ങൾ കർശനമാക്കി. ലൂവ്ര് ഉൾപ്പെടെയുള്ള പ്രധാന മ്യൂസിയങ്ങളും സംരക്ഷിത സ്‌മാരകങ്ങളും അടച്ചിട്ടു. മാക്രോണിന് പകരക്കാരനെ കണ്ടെത്താനുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആറുമാസംമാത്രം ശേഷിക്കെയാണ് ഫ്രാൻസ് കത്തിപ്പടരുന്നത്‌.

​ഇറ്റലിയിൽ 
പ്രക്ഷോഭം 
കടുക്കുന്നു

റോം: വർധിച്ച ജീവിതച്ചെലവിനെതിരായ ഇറ്റലിയിലെ രാജ്യവ്യാപക പ്രക്ഷോഭം കടുക്കുന്നു. സൈന്യത്തെ വിന്യസിച്ച്‌ അടിച്ചമർത്താൻ തീവ്ര വലതുപക്ഷ സർക്കാർ ശ്രമിച്ചിട്ടും പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്‌. യുവാക്കളും വിദ്യാർഥികളും വൻ തോതിൽ സമരത്തിൽ അണിനിരന്നിട്ടുണ്ട്. പലയിടത്തും കലാപസമാനമായ അന്തരീക്ഷമാണുള്ളത്‌. ശനിയാഴ്ച കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മിലാനിലും മറ്റ് നഗരങ്ങളിലും വൻതോതിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. നൂറുകണക്കിന് വീടുകളിൽ റെയ്ഡ് നടത്തി.

മിലാൻ, ടൂറിൻ, റോം, ബൊലോഗ്ന, നാപ്പിൾസ് തുടങ്ങിയ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ശനിയാഴ്ച ശക്തമായ പ്രതിഷേധറാലികൾ അരങ്ങേറി. വിവിധ നഗരങ്ങളിൽ 271 യുവാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

 സെർബിയയിൽ വിദ്യാർഥി മുന്നേറ്റം

ബെൽഗ്രേഡ്‌; വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ച സെർബിയയിൽ ഞായറാഴ്‌ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ വിദ്യാർഥികളുടെ കൂട്ടായ്‌മയായ ‘ദി സ്റ്റുഡന്റ്‌സ്‌ ലിസ്റ്റ്‌’ വൻ മുന്നേറ്റമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌. തീവ്ര വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ അലക്‌സാണ്ടർ വുചിചിനെ താഴെയിറക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്‌ വിദ്യാർഥികൾ. കഴിഞ്ഞദിവസം ബെൽഗ്രേഡിൽ നടന്ന റാലിയിൽ പതിനായിരങ്ങളെ അണിനിരത്തി ശക്തി പ്രകടിപ്പിക്കാൻ വിദ്യാർഥികൾക്കായി.

14 വർഷമായി അധികാരത്തിലുള്ള തീവ്ര വലതുപക്ഷ കക്ഷിയായ സെർബിയൻ പ്രോഗസീവ്‌ പാർടിക്കെതിരെ 250 സീറ്റുകളിലാണ്‌ വിദ്യാർഥികൾ മത്സരിക്കുന്നത്‌. നോവി സാദ് സർവകലാശാലയിലെ പ്രൊഫസറായ ഇലിയ സർദാനോവിച്ചാണ് സ്‌റ്റുഡന്റ്‌ ലിസ്‌റ്റിനെ നയിക്കുന്നത്‌. അക്കാദമിക് വിദഗ്ധർ,കായികതാരങ്ങൾ, സാമ്പത്തിക വിദഗ്ധർ, എൻജിനീയർമാർ, തൊഴിലാളികൾ തുടങ്ങിയവരടങ്ങിയതാണ്‌ സ്‌റ്റുഡന്റ്‌ ലിസ്‌റ്റിന്റെ സ്ഥാനാർഥികൾ.

അൽബേനിയൻ വിദ്യാർഥികൾക്ക് പ്രതിപക്ഷ പിന്തുണ

ടിരാന: അൽബേനിയയിലെ സർക്കാർ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ തെരുവിലിറങ്ങി പ്രതിപക്ഷ പാർടിയായ അൽബേനിയാസ്‌ ഡെമോക്രാറ്റിക് പാർടി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ശനിയാഴ്‌ച തലസ്ഥാനമായ ടിരാനയിൽ പ്രതിഷേധ മാർച്ച്‌ നടത്തി. സമരം ചെയ്യുന്ന പ്രക്ഷോഭകരെ അൽബേനിയൻ സർക്കാർ അന്യായമായി കൈയ്യേറ്റം ചെയ്‌തതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ കഴിഞ്ഞദിവസം പാർലമെന്റ്‌ സമ്മേളനം തടസ്സപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി എഡി രാമ രാജിവയ്‌-ക്കണമെന്നും വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം ചെലവഴിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ വിദ്യാർഥികൾ സമരത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button