അന്തർദേശീയം

ഇറാനിലെ സൈനിക നടപടികൾ പൂർത്തിയായാൽ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കും : ട്രംപ്

ഫ്ലോറിഡ : ഇറാൻ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യയിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ ഫ്ലോറിഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ്, അയൽരാജ്യമായ ക്യൂബയിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തിയേക്കുമെന്ന സൂചന അദ്ദേഹം വീണ്ടും നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സദസ്സിൽ നിന്ന് ക്യൂബയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഈ വിഷയം വീണ്ടും ഉയർത്തിയത്.

‘നമ്മൾ അവിടെ ചെറുതായൊന്ന് ഇറങ്ങും’ – ട്രംപ് പറഞ്ഞു. ‘ശരിക്കും ക്യൂബയുടെ കാര്യത്തിൽ നമ്മൾ ചെയ്യാൻ പോകുന്നത് ഇതാണ്: ഇറാന്റെ കാര്യം തീർത്ത് നമ്മൾ തിരിച്ചുവരും. നമ്മുടെ ആ പ്രൗഢഗംഭീരമായ കപ്പലുകൾ ക്യൂബൻ തീരത്തുകൂടെ കടന്നുപോകും. അതിലൊന്ന് അവരുടെ തീരത്ത് നിന്ന് കഷ്ടിച്ച് 50 വാര അകലെയായി നമ്മൾ നിർത്തിയിടും. അവർ കൈകളുയർത്തി കീഴടങ്ങും. പിന്നാലെ കാര്യങ്ങൾ രമ്യമായി അവസാനിപ്പിക്കാൻ നമ്മൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അങ്ങോട്ട് അയക്കും.’ – ട്രംപ് പറഞ്ഞു.

റാലിയിലെ ട്രംപിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ക്യൂബയിൽ ഇടപെടാൻ ‘ഇതാണ് പറ്റിയ സമയം’ എന്ന് റൂബിയോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘സിഐഎയുമായി രഹസ്യ സഹകരണത്തിലേർപ്പെട്ട് നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണം’ എന്ന് അദ്ദേഹം ക്യൂബൻ ജനതയോട് ആഹ്വാനം ചെയ്തു.

ഇറാനിലെ സൈനിക നടപടികൾ പൂർത്തിയായാൽ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ക്യൂബയുടെ മുൻ ഭരണാധികാരി റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്കൻ ഭരണകൂടം ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതോടെ ഈ ഭീഷണിക്ക് ആക്കം കൂടി. ക്യൂബയിൽ ഇടപെടുന്നതിനെക്കുറിച്ച് പതിറ്റാണ്ടുകളായി മുൻ അമേരിക്കൻ പ്രസിഡന്റുമാർ ആലോചിച്ചിരുന്നെങ്കിലും, ‘അത് നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടയാൾ താനാണെന്നാണ് തോന്നുന്നത്’ എന്നായിരുന്നു ട്രംപ് അന്ന് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അമേരിക്കയുടെ ശത്രുരാജ്യങ്ങളുമായുള്ള ബന്ധം കാരണം ക്യൂബ വർഷങ്ങളായി യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും, ഇതിന് പരിഹാരം കാണാൻ ട്രംപ് ഉറച്ചുനിൽക്കുകയാണെന്നും റൂബിയോയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്യൂബയുമായുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും, നിലവിലെ ക്യൂബൻ സർക്കാരുമായി ഒരു നയതന്ത്ര ഒത്തുതീർപ്പ് സാധ്യമാണോ എന്ന കാര്യത്തിൽ റൂബിയോ സംശയം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button