മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ ബ്രാഹ്മിണി കുരുടൻ പാമ്പുകളുടെ സാന്നിധ്യം വ്യാപകമാകുന്നതായി പുതിയ പഠനം

ഏറ്റവും ചെറിയ പാമ്പുകളിൽ ഒന്നായ ‘ബ്രാഹ്മിണി ബ്ലൈൻഡ് സ്നേക്ക്’ (Brahminy blind snake) ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാൾട്ടീസ് ദ്വീപസമൂഹത്തിൽ വ്യാപിക്കുകയാണെന്ന് പുതിയ ശാസ്ത്രീയ പഠനം. മാൾട്ടീസ് ഭാഷയിൽ ‘സെർപ് ഹാനെക്സ്’ (Serp Ħanex) എന്നറിയപ്പെടുന്ന ഈ ചെറുജീവിയെ മാൾട്ട, ഗോസോ, കോമിനോ ദ്വീപുകളിലായി 34 സ്ഥലങ്ങളിൽ കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കി.

പുതിയ പഠനത്തിൽ 65 കുരുടൻസർപ്പങ്ങളെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാൾട്ടീസ് ദ്വീപസമൂഹത്തിൽ ഈ തദ്ദേശീയമല്ലാത്ത ഇനം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നതിന്റെ ഇതുവരെയുള്ള ഏറ്റവും വ്യക്തമായ സൂചനകളിലൊന്നാണിത്.

ആർനോൾഡ് സ്കിബെറാസ്, അലൻ ഡെയ്ഡൺ, മാരിയോ ലോ വാൽവോ, ഫ്രാൻചെസ്കോ പൗലോ ഫറാവോൺ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. ഏകദേശം പത്തുവർഷത്തെ നിരീക്ഷണങ്ങളും ഫീൽഡ് പഠനങ്ങളും പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2026 സെപ്റ്റംബർ 15 മുതൽ 18 വരെ ഇറ്റലിയിലെ ലാക്വിലയിൽ നടന്ന സൊസൈറ്റാസ് ഹെർപെറ്റോളജിക്ക ഇറ്റാലിക്കയുടെ 16-ാമത് ദേശീയ കോൺഗ്രസിലാണ് പഠനം അവതരിപ്പിച്ചത്.

ശ്രദ്ധയിൽപ്പെടാതെ കഴിയുന്ന ചെറുപാമ്പ്

ഇൻഡോടൈഫ്ലോപ്സ് ബ്രാമിനസ് (Indotyphlops braminus) എന്ന ശാസ്ത്രീയനാമമുള്ള ബ്രാഹ്മിണി കുരുടൻ സർപ്പം ഇൻഡോ-മലയൻ മേഖലയാണ് ജന്മദേശമായുള്ളത്. മണ്ണിനടിയിൽ കഴിയാൻ അനുയോജ്യമായ ശരീരഘടനയുള്ള ഈ ജീവി മണ്ണിനടിയിലും കല്ലുകൾക്കിടയിലും അഴുകിയ സസ്യാവശിഷ്ടങ്ങൾക്കിടയിലുമാണ് അധികസമയവും കഴിയുന്നത്.

ചെറിയ വലിപ്പവും ഒളിച്ചുകഴിയുന്ന സ്വഭാവവും കാരണം ഇവയെ കണ്ടെത്തുക പ്രയാസമാണ്.

മറ്റു പല ഉരഗങ്ങളിൽനിന്നും വ്യത്യസ്തമായി, ഈ ഇനത്തിലെ പെൺസർപ്പങ്ങൾക്ക് ആൺസർപ്പത്തിന്റെ ബീജസങ്കലനമില്ലാതെ തന്നെ പ്രത്യുൽപാദനം നടത്താൻ കഴിയും. പാർഥിനോജെനസിസ് (Parthenogenesis) എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഒരു പെൺസർപ്പം മാത്രമായി അബദ്ധത്തിൽ പുതിയൊരു സ്ഥലത്ത് എത്തിപ്പെട്ടാൽ പോലും പുതിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിക്കാൻ സാധിക്കും..

അലങ്കാരച്ചെടികൾ, നഴ്സറികളിലെ ചെടികൾ, മണ്ണ് എന്നിവയുടെ നീക്കത്തിലൂടെയാണ് ഈ ഇനം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തൽ.

2020-ലാണ് മാൾട്ടയിൽ ഈ സർപ്പത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ, 2017 മുതലുള്ള നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ പഠനം, ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടുന്നതിനും വർഷങ്ങൾക്കുമുമ്പ് തന്നെ ഇവ ദ്വീപുകളിൽ ഉണ്ടായിരുന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നു.

2017 മുതൽ 2026 വരെയുള്ള കാലയളവിൽ 47 രേഖകളിലായി 65 സർപ്പങ്ങളെ ഗവേഷകർ കണ്ടെത്തി. ഇതിൽ 31 സ്ഥലങ്ങൾ മാൾട്ടയിലും രണ്ടെണ്ണം ഗോസോയിലും ഒന്നെണ്ണം കോമിനോയിലുമാണ്.

ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, നേരത്തേ കരുതിയിരുന്നതിനേക്കാൾ വ്യാപകമായി ഈ ചെറുസർപ്പം ദ്വീപസമൂഹത്തിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെന്നാണ്.

ചെടി നഴ്സറികളിൽനിന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക്

ചെടി നഴ്സറികൾ, ഗാർഡൻ സെന്ററുകൾ, ഹരിതഗൃഹങ്ങൾ, കൃഷിയിടങ്ങൾ, പൊതുപൂന്തോട്ടങ്ങൾ, സ്വകാര്യ സ്വത്തുക്കൾ, നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായും സർപ്പങ്ങളെ കണ്ടെത്തിയത്.

മനുഷ്യരുടെ പ്രവർത്തനങ്ങളിലൂടെയാണ് ഈ ഇനം വിവിധ സ്ഥലങ്ങളിലെത്തിയതെന്ന വാദത്തിന് ഇത് പിന്തുണ നൽകുന്നു. പ്രത്യേകിച്ച് ചെടികളും മണ്ണും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ സർപ്പങ്ങളും അബദ്ധത്തിൽ വ്യാപിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.

സ്വാഭാവികമായ സഞ്ചാരത്തിലൂടെ മാത്രമല്ല, പലതവണയുണ്ടായ ആകസ്മികമായ കടന്നുവരവുകളിലൂടെയും ഇവ ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ എത്തിയിരിക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മനുഷ്യരുടെ ഇടപെടൽ താരതമ്യേന കുറഞ്ഞ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ, ഗാരിഗ് (garigue) എന്നറിയപ്പെടുന്ന കുറ്റിച്ചെടികൾ നിറഞ്ഞ വരണ്ട പ്രകൃതിദത്ത പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തി. പൊതുവേ വരണ്ട ഭൂപ്രകൃതിയിലുള്ള ചിലയിടങ്ങളിൽ താരതമ്യേന ഈർപ്പമുള്ള സൂക്ഷ്മ ആവാസവ്യവസ്ഥകളിലാണ് സർപ്പങ്ങളെ കണ്ടെത്തിയത്.

മനുഷ്യരുടെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട പ്രദേശങ്ങൾക്കപ്പുറത്തേക്കും ഈ ഇനം വ്യാപിക്കുകയാണോ എന്ന ചോദ്യമാണ് ഈ കണ്ടെത്തലുകൾ ഉയർത്തുന്നത്.

എന്നാൽ, ഒരു സ്ഥലത്ത് അന്യദേശത്തുനിന്നെത്തിയ ഇനത്തെ കണ്ടെത്തിയതുകൊണ്ടുമാത്രം അവിടെ സ്ഥിരമായ പ്രജനനശേഷിയുള്ള വംശവർദ്ധനവ് രൂപപ്പെട്ടുവെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. മാൾട്ടയിലെ കണ്ടെത്തലുകൾ ഒറ്റപ്പെട്ട കടന്നുവരവുകളാണോ, സ്ഥിരമായി നിലനിൽക്കുന്ന വംശവർദ്ധനവാണോ, അതോ രണ്ടും കൂടിച്ചേർന്നതാണോ എന്ന് മനസ്സിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണ്.

മാൾട്ടയുടെ ജൈവവൈവിധ്യത്തെ എങ്ങനെ ബാധിക്കും?

മാൾട്ടയിലെ ജൈവവൈവിധ്യത്തിൽ ബ്രാഹ്മിണി കുരുടൻ സർപ്പത്തിന്റെ സാന്നിധ്യം എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

സർപ്പത്തിന്റെ വ്യാപനത്തെക്കുറിച്ചും ആവാസവ്യവസ്ഥകളെക്കുറിച്ചും പുതിയ പഠനം പ്രധാന വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, ഇവ എത്രത്തോളം വിജയകരമായി പ്രജനനം നടത്തുന്നു, വിവിധ ആവാസവ്യവസ്ഥകൾക്കിടയിൽ എങ്ങനെ വ്യാപിക്കുന്നു, തദ്ദേശീയ ജീവജാലങ്ങളെ ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

അന്താരാഷ്ട്രതലത്തിൽ ചെടികളും മണ്ണും മറ്റ് വസ്തുക്കളും നീക്കുന്നതിലൂടെ, സ്വാഭാവികമായി എത്തിച്ചേരാൻ സാധ്യതയില്ലാത്ത ജീവിവർഗങ്ങൾ ദ്വീപുകളിലെത്തുന്ന സാഹചര്യം ഉണ്ടാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദ്വീപുകളിലെ പരിസ്ഥിതികൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണിത്.

മൂന്ന് പുതിയ ഗവേഷണപദ്ധതികൾ കൂടി

പ്രകൃതിനിരീക്ഷകനും ഗവേഷകനുമായ ആർനോൾഡ് സ്കിബെറാസിന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഈ ഇനത്തെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും കൂടുതൽ വ്യക്തത നേടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ബ്രാഹ്മിണി കുരുടൻ സർപ്പവുമായി ബന്ധപ്പെട്ട മൂന്ന് പുതിയ ഗവേഷണപദ്ധതികൾ കൂടി പുരോഗമിക്കുന്നതായി സംഘം സ്ഥിരീകരിച്ചു. പുതിയ നിരീക്ഷണങ്ങളും ശേഖരിക്കുന്ന മാതൃകകളും വഴി ഈ ജീവിയുടെ ജീവശാസ്ത്രം, വ്യാപനം, മാൾട്ടീസ് ദ്വീപുകളിൽ സ്ഥിരമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

സർപ്പത്തെ കാണുന്ന പൊതുജനങ്ങൾ വിവരം ഗവേഷകരെ അറിയിക്കണമെന്നും സാധ്യമെങ്കിൽ പാമ്പുകളെ കണ്ടെത്തുന്നവർ കൃത്യമായ സ്ഥലവും ചിത്രങ്ങളും സഹിതം വിവരങ്ങൾ നൽകാൻ വേഷകർ അഭ്യർത്ഥിച്ചിട്ടുണ്ട്. 99887950 അല്ലെങ്കിൽ 99113445 എന്നീ നമ്പറുകളിൽ വിളിച്ചോ ഗവേഷകർക്ക് സന്ദേശങ്ങൾ അയച്ചോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button