തായ്‌വാനിലേക്കുള്ള ആയുധ വിൽപനക്കും സൈനിക പിന്തുണയും സംഘർഷം വർധിപ്പിക്കാനുള്ള യുഎസ് ശ്രമം : ഉത്തരകൊറിയ

പ്യോങ്‌യാങ് : തായ്‌വാനിലേക്കുള്ള യു.എസിന്റെ ആയുധ വിൽപനക്കും സൈനിക പിന്തുണക്കുമെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. തായ്‌വാൻ കടലിടുക്കിലെ സംഘർഷം വർധിപ്പിക്കാൻ വാഷിങ്ടൺ ശ്രമിക്കുകയാണെന്ന് ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഉത്തരകൊറിയ കുറ്റപ്പെടുത്തി. ചൈനയുമായുള്ള സംഘർഷത്തിൽ നേരിട്ട് ഏറ്റുമുട്ടാൻ അമേരിക്ക തയാറാണോയെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ കഴിയുമോയെന്ന് രാജ്യം ചിന്തിക്കണമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി.
ചൈനയുടെ ശക്തമായ എതിർപ്പുകൾക്കിടയിലും 2019ൽ ഓർഡർ ചെയ്ത 66 പുതിയ എഫ്-16വി ബ്ലോക്ക് 70 യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ചിൽ നിന്നുള്ള രണ്ടെണ്ണം കഴിഞ്ഞ ആഴ്ച തായ്‌വാനിൽ എത്തിച്ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ നടന്ന ഉച്ചകോടിയിൽ ‘വൺ ചൈന’ നയത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഉറപ്പ് നൽകിയിരുന്നു. തായ്‌വാനെ സ്വന്തം പ്രദേശമായി കാണുന്ന ചൈന, മറ്റ് രാജ്യങ്ങളുമായുള്ള ഔദ്യോഗിക ബന്ധങ്ങളിൽ ഇത് പരമപ്രധാനമായ വിഷയമായാണ് കണക്കാക്കുന്നത്. എന്നാൽ തങ്ങളെ പ്രതിനിധീകരിക്കാൻ ബെയ്ജിങ്ങിന് അവകാശമില്ലെന്നാണ് തായ്‌വാൻ സർക്കാരിന്റെ നിലപാട്.
ഇതിനിടയിൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് അയച്ച ജന്മദിന സന്ദേശത്തിൽ റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പൂർണ പിന്തുണ തുടരുമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള റഷ്യയുടെ യുദ്ധം വിജയത്തിൽ അവസാനിക്കുമെന്ന് കിം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സന്ദേശത്തിൽ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, 2024 ജൂണിൽ പുടിനും കിമ്മും തമ്മിൽ ഒപ്പുവെച്ച പ്രതിരോധ കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം ഏറെ ശക്തമായിട്ടുണ്ട്.



