അന്തർദേശീയം

യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി യുക്രെയ്ൻ

കീവ് : യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി യുക്രെയ്ൻ. അപകടകരമായ ദൗത്യങ്ങളിൽ പങ്കാളികളാകാനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആർമി ഓഫ് റോബോട്ട്സ് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി യുക്രെയ്ൻ മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവ് പ്രഖ്യാപിച്ചു.

‘‘ലക്ഷ്യം ലളിതമാണ്, ജീവൻ രക്ഷിക്കുക. പരുക്കേറ്റവരെ ഒഴിപ്പിക്കൽ, വെടിമരുന്ന് എത്തിക്കൽ, നിരീക്ഷണം, പ്രതിരോധം, ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കൽ തുടങ്ങിയ ഏറ്റവും അപകടകരമായ ദൗത്യങ്ങൾ റോബോട്ടുകൾ ഏറ്റെടുക്കും’’ – മൈഖൈലോ ഫെഡോറോവ് എക്സിൽ കുറിച്ചു.

ആർമി ഓഫ് റോബോട്ട്സ് യുക്രെയ്ൻ ഡിഫൻസ്-ടെക് കമ്പനികളിൽ നിക്ഷേപം നടത്തുകയും സ്വന്തം സാങ്കേതിക പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. കൂടാതെ, ഗവേഷണ-വികസന ശേഷി വർധിപ്പിക്കുകയും സൈന്യത്തോടൊപ്പം പുതിയ സംവിധാനങ്ങൾ പരീക്ഷിച്ച് യുദ്ധഭൂമിയിൽ ഫലപ്രദമാണെന്ന് തെളിയുന്ന സാങ്കേതികവിദ്യകൾ വലിയ തോതിൽ വ്യാപിപ്പിക്കുകയും ചെയ്യും. പ്രതിരോധ സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളോടും എൻജിനിയർമാരോടും പദ്ധതിയിൽ പങ്കാളികളാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആർമി ഓഫ് റോബോട്ട്സിനു നേതൃത്വം നൽകാൻ ഒരു ചീഫ് ടെക്നോളജി ഓഫിസറെയോ ടെക് ലീഡിനെയോ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2022ൽ ആരംഭിച്ച യുക്രെയ്ന്റെ ആർമി ഓഫ് ഡ്രോൺസ് പരിപാടിയുടെ വിജയത്തിനു പിന്നാലെയാണ് പുതിയ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button