യുക്രയിനിൽ കടുത്ത റഷ്യൻ ഡ്രോണ്‍ ആക്രണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

കീവ് : യുക്രയിന് നേരെ റഷ്യ നടത്തിയ കടുത്ത ഡ്രോണ്‍ ആക്രണമത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കീവ് ആടക്കം യുക്രയിന്റെ പലഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി എന്നാണ് വിവരം. കിന്റര്ഗാര്ഡന്, സ്കൂള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടന്നെന്നാണ് യുക്രയിന് ആരോപിക്കുന്നത്. റഷ്യയുടെ നടപടി ഭീകരവാദമാണെന്നും സാധാരണക്കാരെ ലക്ഷമിട്ടാണ് ആക്രമണമെന്നുമാണ് യുക്രയിന് പ്രധാനമന്ത്രി സെലന്‍സ്കി പ്രതികരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യ ഏകദേശം 3,900 ഡ്രോണുകളും ഏരിയല്‍ ബോംബുകളും മറ്റ് മിസൈലുകളും യുക്രയിനിനുനേരെ പ്രയോഗിച്ചതായി സെലന്‍സ്കി പറഞ്ഞു. കീവിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ സോഫിസ്ക ബോര്ഷാഹിവ്കയിലെ ഒരു മാര്‍ക്കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രേനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മറ്റ് പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിലും ആളുകള്‍ കൊല്ലപ്പെട്ടതായും കീവിലും ആക്രമണം നടന്നതായും പ്രാദേശിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തലസ്ഥാനത്ത് ഒരു കുട്ടിയുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. കീവിലെ ഡേറ്റാ സെന്ററുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഒരു 16 വയസുകാരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുക്രേനിയന്‍ സായുധ സേനയ്ക്ക് മൊബൈല്‍ സേവനങ്ങളും അതിവേഗ ഇന്റര്‍നെറ്റും നല്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായ വോഡഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റാ സെന്ററിനു നേരെ തങ്ങള്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകി, കീവ്സ്റ്റാര്‍ കേന്ദ്രം, രാജ്യത്തുടനീളം വിപുലമായ ഫൈബര്‍ ഒപ്റ്റിക് ശൃംഖല കൈകാര്യം ചെയ്യുന്ന ഒമേഗ ടെലികോം പ്രവര്‍ത്തിപ്പിക്കുന്ന മറ്റൊരു കേന്ദ്രം എന്നിവയ്ക്കു നേരെയും ആക്രമണം നടന്നതായി മന്ത്രാലയം വ്യക്തമാക്കി. കീവ്, ഒഡേസ മേഖലകളിലെ മൂന്ന് ലോജിസ്റ്റിക്സ് കേന്ദ്രങ്ങള്‍ക്കും, ഒഡേസ തുറമുഖത്തേക്ക് പോവുകയായിരുന്ന രണ്ട് ഡ്രൈ കാര്‍ഗോ കപ്പലുകള്‍ക്കും നേരെയും റഷ്യന്‍ സേന ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനകളില്‍ പറയുന്നു. രാത്രിയിലുണ്ടായ ശക്തമായ ആക്രമണത്തില്‍ ഒരു മെഡിക്കല്‍ കേന്ദ്രം, ഹോട്ടല്‍, കട, ധാന്യങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസ് എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചെന്നാണ് ഒഡെസ മേഖലയിലെ ഗവര്‍ണര്‍ ഒലെഗ് കിപ്പര്‍ ടെലിഗ്രാമിലൂടെ അറിയിച്ചത്.
അതേസമയം, മോസ്കോ സമയം രാത്രി 8 മുതല്‍ രാവിലെ 8 വരെ യുക്രയിന് അതിര്‍ത്തി പ്രദേശങ്ങള്‍, റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപ്, കരിങ്കടല്‍ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെ യുക്രെയിന് തൊടുത്തുവിട്ട 96 ഡ്രോണുകളെ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വൈകുന്നേരം 6 മണി മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ റഷ്യ 170 ഡ്രോണുകള്‍ തൊടുത്തതായി യുക്രയിന് വ്യോമസേനയും വ്യക്തമാക്കി. യുക്രയിനിലെ റഷ്യയുടെ സമ്പൂര്‍ണ്ണ അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും സമാധാന കരാറിനുള്ള യാതൊരു സൂചനയുമില്ലാതെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. പരസ്പരം ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്ക്കുനേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇരുപക്ഷത്തോടും യുഎസ് ആവശ്യപ്പെട്ടെങ്കിലും, ഇരുകൂട്ടരും അത് അംഗീകരിച്ചിട്ടില്ല.
ഇതിനിടെ, കഴിഞ്ഞയാഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന്, യുക്രേനിയന്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ‘പെഗാസസ് ആംസ്’ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. കമ്പനിയുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് പെഗാസസ് ആംസ് ഫേസ്ബുക്കില്‍ അറിയിച്ചു. സെപ്റ്റംബര്‍ 2-നുണ്ടായ മുന്‍ ആക്രമണത്തിനുശേഷം, ഉല്‍പ്പാദനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പുനരാരംഭിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായതോ. ഇതോടെ ഉല്‍പ്പാദനം വീണ്ടും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.



