യൂറോപ്യൻ യൂണിയൻ വാർത്തകൾ

അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കും; ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം യുഎസ് ഏറ്റെടുത്തു : ട്രംപ്

വാഷിങ്ടൺ ഡിസി : ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഡെൻമാർക്കുമായി കരാർ ഉണ്ടാക്കിയെന്നും ട്രംപ് അറിയിച്ചു. ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ട്രംപ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്ന പശ്ചാത്തലത്തിലാണ് പുതിയ നയതന്ത്രനീക്കം. ഡെൻമാർക്കിലെ സ്വയംഭരണ പ്രദേശമാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ്.

തന്‍റെ സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. ഗ്രീൻലാൻഡിന്‍റെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിര നിയന്ത്രണം ലഭിക്കുന്ന തരത്തിൽ ഡെൻമാർക്കുമായി ധാരണയിൽ എത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനത്തിൽ പറയുന്നത്. ഗ്രീൻലാൻഡിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ എല്ലാ ആശങ്കകൾക്കും പരിഹാരം കാണുന്നതായും ഇതിന് അമേരിക്കയ്ക്ക് ചെലവുണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡെൻമാർക്കുമായുള്ള ധാരണപ്രകാരം യുഎസിന്‍റെ അനുമതിയില്ലാതെ റഷ്യ, ചൈന ഉൾപ്പെടെയുള്ള അമേരിക്കയുടെ എതിരാളികൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളം സ്ഥാപിക്കാനോ സൈനിക സാന്നിധ്യം ഉണ്ടാക്കാനോ തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്താനോ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡിൽ അമേരിക്ക വലിയ സൈനിക സാന്നിധ്യം ഉടൻ സ്ഥാപിക്കുമെന്നും ഗ്രീൻലാൻഡിലെ ജനങ്ങളുമായി സഹകരിച്ച് അതിന്‍റെ വികസനവും നിർമാണവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസുമായുള്ള ഗ്രീൻലാൻഡ് കരാർ അടുത്തയാഴ്ച ഒപ്പിടുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ വച്ചാണ് മൂന്ന് സർക്കാരുകളും ചേർന്ന് കരാറിൽ ഒപ്പുവയ്ക്കുകയെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ കരാരിന് ഡെൻമാർക്കിലെയും ഗ്രീൻലാൻഡിലെയും പാർലമെന്‍റുകളുടെ അനുമതി ആവശ്യമാണ്.

ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കേണ്ടതിന്‍റെ ആവശ്യകത ട്രംപ് നേരത്തെ പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ, ഗ്രീൻലാൻഡിന്‍റെ പരമാധികാരം ഡെൻമാർക്കിൽ തന്നെ തുടരുമെന്നും അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള ധാരണ മാത്രമാണിതെന്നുമാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button