യുഎസിൽ സഹോദരന്റെ കാറിന്റെ 4 ടയറുകളും മോഷ്ടിക്കപ്പെട്ടു : ഇന്ത്യൻ യുവതി

വാഷിങ്ടൺ ഡിസി : യുഎസിൽ പാർപ്പിട സമുച്ചയത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ കാറിന്റെ നാലു ടയറുകളും മോഷ്ടിക്കപ്പെട്ടത് ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് ഇന്ത്യൻ യുവതി. സമാനമായ വാഹന മോഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ച് പാർപ്പിട സമുച്ചയത്തിന്റെ മാനേജ്മെന്റിന് മുന്നറിയിപ്പ് നൽകിയുള്ള മോഷ്ടാക്കളുടെ കുറിപ്പ് ഉൾപ്പെടെയാണ് ഐഷികാ സോണി എന്ന യുവതി സമൂഹമാധ്യമത്തിൽ അനുഭവം പങ്കുവച്ചത്. ‘അമേരിക്കയിൽ ഒന്നും മോഷണം പോകില്ലെന്ന് ആരു പറഞ്ഞു?’ എന്ന ചോദ്യവുമായാണ് ഐഷികയുടെ വിഡിയോ ആരംഭിക്കുന്നത്. കാർ തന്റെ സഹോദരന്റേതാണെന്നും, പാർക്ക് ചെയ്തിരുന്നപ്പോൾ മോഷ്ടാക്കൾ നാലു ടയറുകളും കൊണ്ടുപോയെന്നും ഐഷിക പറയുന്നു.
കാറിനുണ്ടായ കേടുപാടുകളും ദൃശ്യങ്ങളിൽ കാണാം. പാർപ്പിട സമുച്ചയത്തിന്റെ മാനേജ്മെന്റിനായി മോഷ്ടാക്കൾ പേപ്പറിൽ കുറിച്ചിരുന്ന മുന്നറിയിപ്പും വിഡിയോയിൽ യുവതി കാണിക്കുന്നുണ്ട്. ‘കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ ഹൗസ് കോമ്പൗണ്ടിൽ കുറഞ്ഞത് മൂന്നു കാറുകൾ നശിപ്പിക്കപ്പെട്ടു. ഈ വാരാന്ത്യത്തിൽ കുറഞ്ഞത് മൂന്നു കാറുകളുടെ ടയറുകൾ മോഷ്ടിക്കപ്പെട്ടു. പാർക്കിങ് സ്ഥലത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രിസ്റ്റൽ ഹൗസ് മാനേജ്മെന്റ് ഗൗരവമായി കാണുന്നില്ലെങ്കിൽ ഇത് തടയാൻ കഴിയില്ല. അവരെ ഇക്കാര്യം അറിയിക്കുക’ – കുറിപ്പിൽ പറയുന്നു.


