അന്തർദേശീയം

ഇസ്രായേൽ യുദ്ധത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു : മുൻ ഷിൻ ബെറ്റ് മേധാവി

തെൽഅവീവ് : ഇസ്രായേൽ നിരവധി മേഖലകളിൽ സൈനിക വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുൻ ഷിൻ ബെറ്റ് മേധാവി അമി അയലോൺ. ഹമാസ്, ഹിസ്ബുല്ല, ഇറാൻ എന്നിവർക്കെതിരെ ഇസ്രായേൽ സൈന്യം ശ്രദ്ധേയമായ സൈനിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവയെ വിശാലമായ യുദ്ധവിജയമായി കാണാനാകില്ലെന്നും സയണിസ്റ്റ് പദ്ധതി അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലി മാധ്യമമായ ‘റംബിളി’ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ഹമാസും ഹിസ്ബുല്ലയും പൂർണമായി തകർന്നിട്ടില്ലെന്നും അവ ഇപ്പോഴും തന്ത്രപ്രധാന ഭീഷണിയായി തുടരുകയാണെന്നും അയലോൺ ചൂണ്ടിക്കാട്ടി. യുദ്ധത്തിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വിമർശിച്ചു. സൈനിക രംഗത്തിനൊപ്പം ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും മേഖലയിലും ഇസ്രായേൽ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പിന്തുണയും നിയമസാധുതയും സംബന്ധിച്ച മേഖലകളിൽ ഇസ്രായേൽ പിന്നോട്ടുപോകുകയാണെന്നും അദ്ദേഹം വിലയിരുത്തി.

സൈനിക ശക്തിക്ക് മാത്രം ഒരു ആശയത്തെയോ പ്രത്യയശാസ്ത്രത്തെയോ പരാജയപ്പെടുത്താൻ കഴിയില്ലെന്നും അയലോൺ മുന്നറിയിപ്പ് നൽകി. ഫലസ്തീനികൾക്ക് വ്യക്തമായ രാഷ്ട്രീയ ഭാവി നൽകാതെ യുദ്ധം തുടരുന്നത് ഇസ്രായേലിന്റെ ‘സയണിസ്റ്റ് പദ്ധതിയുടെ അന്ത്യ’ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button