മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ തീരങ്ങളിൽ ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്

മാൾട്ടയിലെ വിവിധ തീരങ്ങളിൽ വൻതോതിൽ ചെറുമീനുകൾ ചത്തുപൊങ്ങുന്നത് ആശങ്ക പടർത്തുന്നു. ‘സിൽവർസൈഡ്സ്’ (Beach smelts) വിഭാഗത്തിൽപ്പെടുന്ന ചെറുമീനുകളാണ് തീരങ്ങളിലേക്ക് അടിഞ്ഞുകൂടുന്നത്. കടലിൽ തലകീഴായും അസാധാരണമായും നീന്തിയ ശേഷമാണ് ഇവ ചത്തടിയുന്നതെന്ന് കടൽത്തീരത്തെത്തിയവരും മുങ്ങൽ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

ഗോസോയിലെ റാംല എൽ-ഹമ്ര, ഹോണ്ടോഖ് ബേ മുതൽ ബിർസെബുജ, ഡെലിമാരയിലെ കലങ്ക വരെയുള്ള വിശാലമായ തീരപ്രദേശങ്ങളിൽ ഈ പ്രതിഭാസം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട് നീന്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രമുഖ മറൈൻ ബയോളജിസ്റ്റ് അലൻ ഡൈഡൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സിൽവർസൈഡ് വിഭാഗത്തിൽപ്പെട്ട കൂട്ടമായി സഞ്ചരിക്കുന്ന മീനുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെയാണ് സർവകലാശാലയിലെ ഓഷ്യാനോഗ്രഫി മാൾട്ട റിസർച്ച് ഗ്രൂപ്പിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്.

കാരണം രോഗകാരിയായ വൈറസെന്ന് സംശയം

മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ‘പിൽച്ചാർഡ് ഹെർപ്പസ് വൈനസ്’ (PHV) എന്ന വൈറസ് ബാധയാകാം ഇതിന് പിന്നിലെന്ന് അലൻ ഡൈഡൻ വ്യക്തമാക്കുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിലെ സാർഡിൻ മത്സ്യങ്ങളെ വൻതോതിൽ നശിപ്പിക്കുന്നത് ഈ വൈറസാണ്. 1990-കളുടെ മധ്യത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടമായി ദീർഘദൂരം സഞ്ചരിക്കുന്നതിനാൽ ഇത്തരം രോഗങ്ങൾ മത്സ്യങ്ങൾക്കിടയിൽ വേഗത്തിൽ പടർന്നുപിടിക്കും.

നേരത്തെ വൻകിട മത്സ്യങ്ങളെ ബാധിക്കുന്ന മസ്തിഷ്ക വീക്ക രോഗങ്ങൾ (Encephalitis) മാൾട്ടയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, സാർഡിൻ വിഭാഗത്തിൽപ്പെടുന്ന ചെറിയ മീനുകളിൽ ഇത്തരമൊരു സ്ഥിതി ആദ്യമായാണ് കാണുന്നത്. ഉയർന്ന സമുദ്രതാപനിലയോ ഓക്സിജന്റെ കുറവോ അല്ല ഇതിന് പ്രധാന കാരണമെന്നും, എന്നാൽ ചൂടുള്ള കടൽവെള്ളത്തിൽ ഇത്തരം രോഗകാരികൾ പെട്ടെന്ന് വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശേഖരിച്ച ചത്ത മീനുകളുടെ സാമ്പിളുകൾ ഉടൻ തന്നെ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കും.

പ്രതിഷേധവുമായി പൊതുജനങ്ങൾ

അതേസമയം, കടലിലെ മാലിന്യവും ഡ്രെയിനേജ് മാലിന്യങ്ങൾ തള്ളുന്നതുമാണ് മത്സ്യങ്ങൾ ചത്തൊടുങ്ങാൻ കാരണമെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സമുദ്ര താപനിലയേക്കാൾ ഉപരി മാലിന്യപ്രശ്നമാണ് കടൽജീവികളുടെ നിലനിൽപ്പിനെ ബാധിക്കുന്നതെന്നും, അധികൃതർ അടിയന്തരമായി സാമ്പിളുകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button