മയക്കുമരുന്ന് കടത്ത്; വലെറ്റയിൽ രണ്ട് പേർ അറസ്റ്റിൽ

വാലറ്റയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന സംശയത്തെ തുടർന്ന് പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പട്രോളിംഗിനിടെ മയക്കുമരുന്ന് ഇടപാട് നേരിട്ട് കണ്ടതിനെത്തുടർന്നാണ് നടപടി. വാഹനം പരിശോധിച്ച പോലീസ്, സംശയാസ്പദമായ സിന്തറ്റിക് കഞ്ചാവും 1,000 യൂറോയോളം പണവും രണ്ട് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
വലെറ്റയിലെ മർസാംക്സെറ്റ് (Marsamxett) പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സ്കോഡ ഫാബിയ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ നിരീക്ഷിച്ചത്. വാഹനം പിന്തുടർന്ന ഉദ്യോഗസ്ഥർ മയക്കുമരുന്ന് ഇടപാട് നടക്കുന്നത് കണ്ടെത്തുകയായിരുന്നു. മർസസ്കല (Marsaskala) സ്വദേശിയായ 26 വയസ്സുകാരനാണ് വാഹനം ഓടിച്ചിരുന്നത്.
അറസ്റ്റ് ചെയ്യാൻ പോലീസ് അടുത്തെത്തിയതോടെ, പ്രതി വാഹനം അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മോസ്റ്റ (Mosta) സ്വദേശിയായ 19 കാരിയെയും ഡ്രൈവറെയും പോലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് പായ്ക്കറ്റുകളിലാക്കിയ സിന്തറ്റിക് കഞ്ചാവും പണവും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ന്യായാധിപ (Magistrate) നാഡിൻ സാന്റ് ലിയക്ക് (Nadine Sant Lia) മുന്നിൽ പ്രതിയായ യുവാവിനെ ഞായറാഴ്ച രാവിലെ 9:30 ഓടെ ഹാജരാക്കുമെന്നാണ് വിവരം.



