അന്തർദേശീയം

പട്ടായയിൽ തെരുവിൽ മദ്യപിച്ച് വഴക്കുണ്ടാക്കി തായ്‌ലൻഡ് സന്ദർശനത്തിനെത്തിയ യു.എസ്.എസ്. അബ്രഹാം ലിങ്കണിലെ സൈനികർ

പട്ടായ : പട്ടായയിൽ തെരുവിൽ മദ്യപിച്ച് വഴക്കുണ്ടാക്കി തായ്‌ലൻഡ് സന്ദർശനത്തിനെത്തിയ അമേരിക്കൻ സൈനികർ. അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ്. അബ്രഹാം ലിങ്കണിലെ രണ്ട് നാവികരാണ് മദ്യപിച്ച് തെരുവിൽ വഴക്കുണ്ടാക്കിയത്. ഇതേത്തുടർന്ന് ഇവരെ തിരികെ കപ്പലിലേക്ക് അയച്ചതായി തായ് പൊലീസ് അറിയിച്ചു.

വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ പട്ടായയിലെ നൈറ്റ് ലൈഫ് മേഖലയായ വോക്കിങ് സ്ട്രീറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാവികർ മദ്യപിച്ച് പരസ്പരം വഴക്കിടുകയും വലിയ രീതിയിൽ ബഹളം വെക്കുകയും ചെയ്തതായി പട്ടായ സിറ്റി പൊലീസ് ചീഫിനെ ഉദ്ധരിച്ച് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതൊരു ചെറിയ വഴക്കായിരുന്നെന്നും പ്രശ്നം വഷളാകാതിരിക്കാൻ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നും പട്ടായ സിറ്റി പൊലീസ് ചീഫ് പറഞ്ഞു. തായ് നിയമങ്ങൾ ലംഘിക്കാത്തതിനാൽ നാവികർക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഇരുവരെയും യു.എസ്. നേവി തിരികെ കപ്പലിലേക്ക് തന്നെ കൊണ്ടുപോയി.

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം കടലിൽ ചെലവഴിച്ച ശേഷമാണ് യു.എസ്.എസ്. അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ നാവികർ ഒടുവിൽ തായ്‌ലൻഡിൽ ഇറങ്ങിയത്. ഒൻപതുമാസത്തെ കഠിനദൗത്യത്തിന് ശേഷമാണ് കടുത്ത മാനസിക സമ്മർദ്ദങ്ങളും ഭക്ഷണ ക്ഷാമവും നേരിട്ട അയ്യായിരത്തോളം നാവികരാണ് പട്ടായയിൽ എത്തിയത്.

പട്ടായ നഗരത്തിലാണ് സൈനികർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ വിശ്രമവേളയിലാണെങ്കിലും യുഎസ്എസ് ലിങ്കണിലെ നാവികർക്ക് കർശനമായ ചില നിയന്ത്രണങ്ങളുണ്ട്. കപ്പലിലെ കമാൻഡിങ് ഓഫീസറുടെ നിർദ്ദേശപ്രകാരം നാവികർക്ക് അവരുടെ ഹോട്ടലുകളിൽ തിരിച്ചെത്താൻ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. നാവികർ ലൈംഗികത്തൊഴിലാളികളെ സമീപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്നു.

എല്ലാ നാവികർക്കും ഒരേസമയം കരയിലേക്ക് പോകാൻ അനുവാദമില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാത്രമേ അവർക്ക് കപ്പലിൽനിന്ന് പുറത്തിറങ്ങാൻ കഴിയൂ. തായ്‌ലൻഡിൽ ആയിരിക്കുമ്പോഴും നാവികരിൽ പലരും തങ്ങളുടെ സമയത്തിന്റെ ഒരുഭാഗം കപ്പലിലെ സുരക്ഷാ ഡ്യൂട്ടികൾക്കായി മാറ്റിവെക്കേണ്ടതുണ്ട്. കപ്പലിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുന്ന കാവൽ ജോലി, സുരക്ഷാ പട്രോളിങ്, കപ്പലിലെ വൈദ്യുതിയും വെള്ളവും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള എൻജിനീയറിങ് ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button