അന്തർദേശീയം

ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തും : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് ‘പികാക്‌സ് മൗണ്ടന്‍’ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആഴത്തില്‍ സ്ഥിതി ചെയ്യുന്ന പിക്കാക്‌സ് മൗണ്ടയ്നിലെ കേന്ദ്രത്തിലേക്ക് ഇറാന്‍ ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ മാറ്റിസ്ഥാപിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, സാധാരണ വ്യോമാക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിന് കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അവിടേക്ക് ആക്രമണം നടത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍, അത് ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം എന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെ ഇടപെടല്‍ മൂലം കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്രായേലും വിശാലമായ മിഡില്‍ ഈസ്റ്റും ഇതിലും ഗുരുതരമായ ഭീഷണി നേരിടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ അമേരിക്കന്‍ അക്രമണം വീണ്ടും ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹോര്‍മുസിലൂടെ കടന്ന് പേകുന്ന കപ്പലുകള്‍ക്ക് നേരെ ഉള്ള ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സെറ്റ്‌കോം പറയുന്നത്.

അതേസമയം ഇറാന്റെ പരമാധികാരം ലംഘിച്ചുവെന്നും, വിവിധ പ്രവിശ്യകളിലായി സൈനികേതര അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുവെന്നും ആരോപിച്ച് അമേരിക്ക നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളെ ഇറാന്‍ ശക്തമായി അപലപിച്ചു. അമേരിക്കന്‍ ആക്രമണങ്ങളുടെ ഉറവിടവും പിന്തുണയും ആസൂത്രണ കേന്ദ്രങ്ങളുമായി വര്‍ത്തിച്ച പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ ആക്രമണങ്ങള്‍ ഇറാനിയന്‍ സായുധ സേന നടത്തിയതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button