അന്തർദേശീയം

ദൗത്യം കൈയെത്തും ദൂരത്ത്; ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തന്നെ തകർന്നേക്കുമെന്ന് നെതന്യാഹു

ടെൽ അവീവ് : പശ്ചിമേഷ്യൻ സംഘർഷം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടൻ തന്നെ തകർന്നേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക വീണ്ടും ആക്രമണം ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം എക്കാലത്തേക്കാളും ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ ഉയർത്തുന്ന ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. ‘ഈ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ നമുക്ക് സാധിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. അതായത്, ഈ ഭരണകൂടത്തെ താഴെയിറക്കുക എന്നത്. നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം അതാണ്. അത് നമ്മുടെ കൈയെത്തും ദൂരത്താണ്.’- നെതന്യാഹു പറഞ്ഞു.

‘അവർ നമ്മളെ ആക്രമിക്കുന്നതിൽ പരാജയപ്പെടുക മാത്രമല്ല ചെയ്യുന്നത്. നമ്മളൊഴികെ മറ്റെല്ലാവരെയും അവർ ആക്രമിക്കുന്നു. നമ്മുടെ കരുത്തും കരബലവും ദൃഢനിശ്ചയവും അവർക്ക് നന്നായറിയാം. ശത്രുക്കളോട് എനിക്ക് പറയാനുള്ളത്, ഞങ്ങളോട് കളി വേണ്ട എന്നാണ്. മുൻ സംഭവങ്ങളിൽനിന്ന് നിങ്ങൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് കളിക്കാൻ മുതിരരുത്.’-അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങൾ ഇറാന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും ഇറാൻ ഭരണകൂടത്തിന്റെ പതനത്തിന് വഴിതുറക്കുമെന്നും നെതന്യാഹുവും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, ഗൾഫ് മേഖലയിലുടനീളം ശക്തമായ തിരിച്ചടി നൽകിയ ഇറാൻ, യു.എസ്. – ഇസ്രായേൽ സഖ്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിച്ചുപോന്നു. മാത്രമല്ല, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻമേലുള്ള നിയന്ത്രണം ഇറാൻ ഇപ്പോഴും നിലനിർത്തുന്നുമുണ്ട്. ആക്രമണങ്ങളിൽ താൽക്കാലിക ശമനമുണ്ടായെങ്കിലും, കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിലെ ഏറ്റുമുട്ടലുകൾ വീണ്ടും കടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button