അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ കുളി; ഇന്ത്യൻ യുവതിക്ക് 1800 ഡോളർ രൂപ പിഴയിട്ട് ഓസ്ട്രേലിയ

കാൻബറ : അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ച ഇന്ത്യൻ യുവതിക്കു 1.30 ലക്ഷം രൂപ പിഴയിട്ട് ഓസ്ട്രേലിയ. വാമിക എന്ന യുവതിയാണു തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തണുപ്പായതിനാൽ എക്സ്ഹോസ്റ്റ് ഓണാക്കാതെ കുളിച്ചതാണു യുവതിക്കു വിനയായത്.
കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കെട്ടിടത്തിലെ ഫയർ അലാറം മുഴങ്ങിയത്. തീപിടിത്തം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും എത്രയും പെട്ടെന്നു പുറത്തുകടക്കണമെന്ന മുന്നറിയിപ്പ് സന്ദേശവും മുഴങ്ങി. അനൗൺസ്മെന്റിനു പിന്നാലെ യുവതിയും പുറത്തിറങ്ങി. ഫയർ ഡ്രില്ലിന്റെ ഭാഗമാകാം അലാറം മുഴങ്ങിയതെന്നാണു വാമിക ആദ്യം കരുതിയതെന്നു വിഡിയോയിൽ പറയുന്നു. ബിൽഡിങ് മാനേജർ വാമികയുടെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണു കുളിയാണു ഫയർ അലാറത്തിനു പിന്നിലെ കാരണക്കാരനെന്ന് വാമിക തിരിച്ചറിഞ്ഞത്.
കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ നിന്ന് പുറത്തേക്കു പടർന്ന ചൂടേറിയ ആവി ഫ്ളാറ്റിലെ സ്മോക്ക് ഡിറ്റക്ടറിൽ തട്ടുകയും ഉടൻ തന്നെ ഫയർ അലാറം മുഴങ്ങുകയുമായിരുന്നു. കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായെന്നു കരുതി അഗ്നിശമന സേന നിമിഷങ്ങൾക്കകം സ്ഥലത്തെത്തി. പരിശോധനയിലാണ് ആവിയാണ് അലാറത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടത്. അഗ്നിശമന സേനയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവതിക്കു 1800 ഡോളർ (1.30 ലക്ഷം രൂപ) പിഴ ചുമത്തിയത്. ഓസ്ട്രേലിയയിലെ നിയമപ്രകാരം അടിയന്തര സംവിധാനങ്ങളെ അനാവശ്യമായി വിളിക്കുന്നതും വ്യാജ അലാറങ്ങൾ മുഴക്കുന്നതും കുറ്റകരമാണ്.
അതേസമയം കുളിമുറിക്ക് അടുത്തായി ഫയർ ഡിറ്റക്ടർ സ്ഥാപിച്ചത് എന്തുകൊണ്ടാണെന്ന് വാമിക വിമർശനം ഉന്നയിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ പുക ഉയർന്ന് അലാറം അടിച്ചതായിരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരുന്നുവെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. ഏതായാലും യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായി കഴിഞ്ഞു. ഷവറിലെ നീരാവിക്ക് തീപിടിത്ത മുന്നറിയിപ്പ് നൽകാൻ കഴിയുമോയെന്നും ഇത്തരം അടിയന്തര പ്രതികരണ സംവിധാനങ്ങൾക്കു താമസക്കാർ എങ്ങനെ ഉത്തരവാദികളാകുമെന്നൊക്കെയാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. ഇത്രയും വലിയ തുക ഈടാക്കുന്നതിന് മുൻപ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകണമായിരുന്നുവെന്നു മറ്റൊരു വിഭാഗം പറയുന്നു.
കരിഞ്ഞ മണം വരെ പണി തരാം
പാശ്ചാത്യ രാജ്യങ്ങളിൽ വീടുകളിലും കെട്ടിടങ്ങളിലും ഫയർ അലാറമുകൾ നിർബന്ധമായും ഘടിപ്പിച്ചിരിക്കണം എന്നതാണു നിയമം. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അഗ്നിബാധ മൂലമുള്ള ജീവഹാനി തടയാനുമാണ് ഇത് ഉപയോഗിക്കുന്നത്. സ്മോക്ക്/ഹീറ്റ് ഡിറ്റക്ടറുകളുടെ സെൻസറുകൾ വളരെ സെൻസിറ്റീവ് ആയതിനാൽ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ പോലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കാം. താളിക്കൽ, വറുക്കൽ, ഗ്രിൽ ചെയ്യൽ തുടങ്ങിയ ഇന്ത്യൻ രീതിയിലുള്ള പാചകവിദ്യകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന കനത്ത പുക അലാറം അടിപ്പിക്കാൻ സാധ്യത കൂടുതലാണ്.
ബ്രെഡ് ടോസ്റ്റ് ചെയ്യുമ്പോഴോ ഓവനിൽ ഭക്ഷണം ബേക്ക് ചെയ്യുമ്പോഴോ ചെറിയ രീതിയിൽ കരിയുന്ന മണം വന്നാൽ പോലും അലാറം പ്രവർത്തിക്കാം. കുളി കഴിഞ്ഞയുടൻ ബാത്ത്റൂം വാതിൽ പെട്ടെന്ന് തുറന്നാൽ നീരാവി നേരിട്ട് ഹാളിലേക്കോ ബെഡ്റൂമിലേക്കോ പടർന്ന് അലാറം അടിച്ചേക്കാം. നീരാവി പൂർണ്ണമായി എക്സ്ഹോസ്റ്റ് ഫാൻ വഴി പുറത്തുപോകുന്നത് വരെ വാതിൽ അടച്ചിടുക. അലാറം അടിക്കാതിരിക്കാൻ അതിന്റെ മുകളിൽ പ്ലാസ്റ്റിക്കോ തുണിയോ ഒട്ടിച്ച് വയ്ക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ചെറിയൊരു ജാഗ്രതക്കുറവ് കൊണ്ട് ഫയർഫോഴ്സ് വരേണ്ടി വന്നാൽ വലിയ തുക ‘ഫോൾസ് അലാറം ഫീ’ ആയി നൽകേണ്ടി വരും.



