മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആൻഡ്രാസ് ബാക്ക ഹംഗറിയുടെ പുതിയ പ്രസിഡന്റ്

ബുഡാപെസ്റ്റ് : ഹംഗറിയുടെ പുതിയ പ്രസിഡന്റായി മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആൻഡ്രാസ് ബാക്കയെ പാർലമെൻ്റ് അംഗീകരിച്ചു. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ്റെ കടുത്ത വിമർശകനായിരുന്ന ഇദ്ദേഹത്തെ നേരത്തെ കോടതിയുടെ തലപ്പത്ത് നിന്നും പുറത്താക്കിയിരുന്നു. ചൊവ്വാഴ്ച രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 140 വോട്ടുകൾ നേടിയാണ് ബാക്ക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് പേർ എതിർത്ത് വോട്ട് ചെയ്തു.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ‘ടിസ്സ’ പാർട്ടിയാണ് ശനിയാഴ്ച ആൻഡ്രാസ് ബാക്കയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. ഹംഗറിയുടെ പുതിയ ഭരണഘടനാ ക്രമത്തിന് അടിത്തറ പാകുന്നതിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ടിസ്സ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട, മുൻ ഭരണകക്ഷിയായ വിക്ടർ ഓർബൻ്റെ ‘ഫിഡെസ്’ പാർട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങളെ മാറ്റിയെഴുതാൻ ടിസ്സ പാർട്ടി സ്വേച്ഛാധിപത്യപരമായ രീതികൾ ഉപയോഗിക്കുന്നുവെന്നാണ് അവരുടെ പ്രധാന ആരോപണം. എന്നാൽ ടിസ്സ പാർട്ടി ഇത് നിഷേധിച്ചിട്ടുണ്ട്.
ആൻഡ്രാസ് ബാക്ക: ദീർഘകാലത്തെ നിയമ പശ്ചാത്തലവും അക്കാദമിക രംഗവും
1952ൽ ബുഡാപെസ്റ്റിലാണ് ആൻഡ്രാസ് ബാക്ക ജനിച്ചത്. ഹംഗേറിയൻ തലസ്ഥാനത്തെ Eotvos Lorand സർവ്വകലാശാലയിൽ നിന്ന് 1973 മുതൽ 1978 വരെ നിയമം പഠിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1978ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ആൻഡ് ലീഗൽ സയൻസസിൽ റിസർച്ച് അസിസ്റ്റന്റായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പ്രവർത്തനങ്ങൾ. പിന്നീട് ഹംഗറിയിലെ നാഷണൽ സ്കൂൾ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രഫസറായും അതിന്റെ ബോർഡ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
1991 മുതൽ 2008 വരെ സ്ട്രാസ്ബർഗിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഹംഗറിയുടെ ജഡ്ജിയായി അദ്ദേഹം 17 വർഷം സേവനമനുഷ്ഠിച്ചു. ഇതിന് ശേഷം ഹംഗറിയുടെ ജുഡീഷ്യറിയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ 2009 ജൂൺ 22ന് പാർലമെൻ്റ് സുപ്രിംകോടതി പ്രസിഡന്റായി ആറ് വർഷത്തേക്ക് തെരഞ്ഞെടുത്തു. അതോടൊപ്പം നാഷണൽ കൗൺസിൽ ഓഫ് ജസ്റ്റിസിൻ്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
2010ൽ മുൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ്റെ നേതൃത്വത്തിൽ ഫിഡെസ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന ജുഡീഷ്യൽ പരിഷ്കാരങ്ങളുടെ വലിയ വിമർശകനായി ബാക്ക മാറി. ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70ൽ നിന്ന് 62 ആയി കുറച്ചത് ഉൾപ്പെടെയുള്ള മാറ്റങ്ങളെ അദ്ദേഹം പരസ്യമായി എതിർത്തു. ഈ പരിഷ്കാരങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ 2011ലെ വിവാദപരമായ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ സുപ്രിംകോടതിയെ ‘കുരിയ’ എന്ന് പുനർനാമകരണം ചെയ്യുകയും, പുതിയ മാനദണ്ഡങ്ങൾ വെച്ച് ബാക്കയെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. 2015 വരെ കാലാവധിയുണ്ടായിരുന്ന ബാക്കയുടെ പ്രസിഡന്റ് സ്ഥാനം അങ്ങനെ 2012 ജനുവരി ഒന്നിന് അവസാനിച്ചു.
പുറത്താക്കപ്പെട്ടതിന് എതിരെ താൻ മുമ്പ് സേവനമനുഷ്ഠിച്ച യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ തന്നെ അദ്ദേഹം അപ്പീൽ നൽകി. 2016 ജൂണിൽ, ബാക്കയെ അന്യായമായി പുറത്താക്കിയത് അദ്ദേഹത്തിൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് യൂറോപ്യൻ മനുഷ്യാവകാശ വിധിച്ചു. സുപ്രിംകോടതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അന്യായമായി പുറത്താക്കപ്പെട്ടതിനെതിരെയുള്ള നിയമപോരാട്ടത്തിന് ശേഷം ഒരു വ്യാഴവട്ടത്തിന് ഇപ്പുറമാണ് ഇപ്പോൾ അദ്ദേഹം ഹംഗറിയുടെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നത്. പുതിയ പ്രസിഡന്റായി ആഗസ്റ്റ് 19ന് ചുമതലയേൽക്കും.
വിക്ടർ ഓർബൻ നിയമിച്ച മുൻ പ്രസിഡന്റ് തമസ് സുല്യോക്കിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഭരണഘടനാ ഭേദഗതിയിലൂടെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പകരക്കാരനായാണ് ഇപ്പോൾ ആൻഡ്രാസ് ബാക്കയുടെ നിയമനം. 16 വർഷത്തെ ഓർബൻ ഭരണകാലത്ത് നിർമിക്കപ്പെട്ട രാഷ്ട്രീയ അധികാര ഘടനകൾ ഇല്ലാതാക്കാനുള്ള ടിസ്സ പാർട്ടിയുടെ വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
ഹംഗറിയിൽ പ്രസിഡന്റ് പദവിക്ക് പ്രധാനമായും ആലങ്കാരിക അധികാരങ്ങൾ മാത്രമാണുള്ളതെങ്കിലും ഈ നിയമനം വിക്ടർ ഓർബന്റെ ഭരണ പൈതൃകത്തിന് ഏറ്റ വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ മാധ്യമ രംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരാനും അഴിമതി വിരുദ്ധ കർമ്മസമിതി രൂപീകരിക്കാനും ടിസ്സ പാർട്ടി നടപടികൾ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിന് എട്ട് വർഷത്തെ കാലാവധി നിശ്ചയിക്കുന്നതിലൂടെ വിക്ടർ ഓർബൻ വീണ്ടും അധികാരത്തിൽ വരുന്നത് തടയാനും പുതിയ ഭരണകൂടം ലക്ഷ്യമിടുന്നു.



