അന്തർദേശീയം

അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകര്‍ക്കാനുള്ള യുഎസ് നീക്കം; കേസ് നൽകി ഹ്യൂമൻ റൈറ്റ്സ് വാച്ച്

ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകര്‍ക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രമുഖ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. അമേരിക്കൻ ഇസ്രയേൽ നീക്കം ഐസിസിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ തടസപ്പെടുത്തുന്ന നിലയിലേക്ക് എത്തിയതോടെയാണ് നാല് മനുഷ്യാവകാശ സംഘടനകൾ കേസ് ഫയൽ ചെയ്തത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നടത്തുന്ന നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെ സംഘടനകൾ ന്യൂയോര്‍കില സതേൺ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചിരിക്കയാണ്. അന്താരാഷ്ട്ര കോടതിക്കെതിരായ യു എസ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടികാട്ടി. അന്താരാഷ്ട്ര തലത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ നിന്നും ഐസിസിയെ തടയുന്നതിനായി ന്യായാധിപൻമാരെയും പ്രോസിക്യൂട്ടര്‍മാരെയും വിലക്കുന്ന തരത്തിലുള്ള ഉപരോധ തന്ത്രങ്ങളാണ് അമേരിക്ക തുടരുന്നത്.

ഇത് യു എസ് ഭരണ ഘടന ഉറപ്പുനൽകുന്ന ഒന്നും അഞ്ചും ഭേദഗതികളുടെ പരസ്യമായ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടികാട്ടി. ഹ്യൂമൻ റൈറ്റ്സ് വാച്ചിന് പുറമെ അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റി, സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ്, ഓപ്പൺ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സംഘടനകളും ഹർജിയിൽ പങ്കാളികളാണ്.

നെതന്യാഹു യുദ്ധ കുറ്റവാളി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഗാസയിലെ വംശീയ ഉന്മൂലന നടപടികളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. നെതന്യാഹു ഉൾപ്പെടെ ഇസ്രയേലി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റുവാറണ്ടും പുറപ്പെടുവിച്ചു. ഇതിന് മുൻപ് അഫ്ഗാനിസ്ഥാനിലെ യു എസ് ഇടപെടലിന്റെ പേരിലും സമാന നടപടി ഉണ്ടായിരുന്നു. കോടതി സ്വന്തം നിലയ്ക്ക് അന്വേഷണം പ്രഖ്യാപിക്കയും ചെയ്തു.

അന്താരാഷ്ട്ര കോടതി നടപടികളിൽ പ്രകോപിതനായി ഐസിസി മുൻ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാൻ ഉൾപ്പെടെയുള്ളവര്‍ക്ക് എതിരെ ഡൊണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരിക്കയാണ്. നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറണ്ട് പുറത്തിറക്കിയ കരീംഖാനെ ആരോപണങ്ങളുടെ മറവിൽ പുറത്താക്കിയതും വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button