ഇന്ത്യക്കാർ ആശങ്കയിൽ; ട്രംപ് ഭരണകൂടം ‘പബ്ലിക് ചാർജ്’ നിയമം പുനരുജ്ജീവിപ്പിക്കുന്നു

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് തിരിച്ചടിയാകാൻ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ ‘പബ്ലിക് ചാർജ്’ ഇമിഗ്രേഷൻ നിയമം വീണ്ടും നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. വിദേശികൾക്ക് സ്ഥിരതാമസാനുമതി (ഗ്രീൻ കാർഡ്) നൽകുന്നതിന് മുൻപ്, അവർ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് കർശനമായി പരിശോധിക്കുന്നതാണ് ഈ രീതി.
ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. അപേക്ഷകർ സർക്കാർ സഹായത്തിന് അർഹരാണോ എന്നത് പരിശോധിക്കുന്നത് ഗ്രീൻ കാർഡ് അപേക്ഷകളിൽ ഇനി മുതൽ വലിയ സ്വാധീനം ചെലുത്തും.
2019-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഈ നിയമം വിപുലീകരിച്ചത്, എന്നാൽ പിന്നീട് വന്ന ബൈഡൻ ഭരണകൂടം ഈ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഇപ്പോൾ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ് സർക്കാർ, അമേരിക്കൻ നിയമങ്ങളിലെ ദീർഘകാലമായുള്ള വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, അപേക്ഷകർ തങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.
അമേരിക്കയിൽ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവരിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. മെഡിക്കെയ്ഡ്, ഭക്ഷ്യ സഹായ പദ്ധതിയായ സ്നാപ്പ്, ഭവന സഹായങ്ങൾ, മറ്റ് പണമായി നൽകുന്ന സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ഇതിന്റെ പരിധിയിൽ വരും. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റി എന്നത് കൊണ്ട് മാത്രം ഒരാളുടെ ഗ്രീൻ കാർഡ് അപേക്ഷ താനേ തള്ളപ്പെടില്ല. അപേക്ഷകന്റെ പ്രായം, ആരോഗ്യം, വരുമാനം, ആസ്തികൾ, വിദ്യാഭ്യാസം, ജോലി പരിചയം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥർ അന്തിമ തീരുമാനമെടുക്കുക.
വിസ നടപടികളിലെ കാലതാമസം നേരിടുന്നവർക്ക് പുതിയ നിയമം അധിക വെല്ലുവിളിയാകുമെന്ന ആശങ്ക ഇമിഗ്രേഷൻ അഭിഭാഷകരും പങ്കുവെക്കുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികൾ സംരക്ഷിക്കുന്നതിനും സർക്കാർ സഹായം ആവശ്യമില്ലാത്തവർക്ക് മാത്രം സ്ഥിരതാമസാനുമതി നൽകുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം.


